ഡല്‍ഹി: കോവിഡ് വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യം രാജ്യത്ത് ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. എന്നാല്‍, അത് എല്ലാവരിലേക്കും എത്താന്‍ വീണ്ടും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്റെ ലഭ്യതയും വിലയും സംബന്ധിച്ച എംപിമാരുടെ ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അടുത്തവര്‍ഷം ആദ്യത്തോടെ നമുക്ക് വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോകാരോഗ്യ സംഘടന അടക്കമുള്ളവയുമായി നാം നിരന്തരം ബന്ധപ്പെട്ടു വരികയാണ്. വാക്‌സിന്‍ തയ്യാറായാലും അത് ഉടന്‍തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞെന്നു വരില്ല.

കോവിഡ് കൈകാര്യംചെയ്ത രീതിയെക്കുറിച്ച് നേരത്തെ പ്രതിപക്ഷത്തെ നേതാക്കള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കോവിഡ് വ്യാപനം തടയാനുള്ള വിലപ്പെട്ട സമയം സര്‍ക്കാര്‍ പാഴാക്കിയെന്ന് മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുപോലെ ആകരുത് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.