ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവിഡ് വാക്‌സിന്‍ അയല്‍ രാജ്യങ്ങള്‍ക്കും നല്‍കുന്നു. സൗജന്യമായിട്ടായിരിക്കും നല്‍കുക. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 10 ദശലക്ഷം കോവിഡ് വാക്‌സിനുകളാണ് 10 അയല്‍ രാജ്യങ്ങളിലേക്കു കൈമാറുന്നത്. എന്നാല്‍ പാകിസ്താനു നല്‍കില്ല എന്നതാണ് തീരുമാനം.

സാമ്പത്തിക ഇടനാഴിയും വ്യാപാര കരാറുകളും ഒക്കെയായി അയല്‍രാജ്യങ്ങളില്‍ പിടിമുറുക്കിയ ചൈനയെ കോവിഡ് വാക്‌സിന്‍ നയതന്ത്രത്തില്‍ തളക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം എന്നാണ് റിപ്പോര്‍ട്ട്. അതും പല രാജ്യങ്ങളും ചൈനീസ് വാക്‌സിനോട് താല്‍പര്യം കാണിക്കാതെ ഇന്ത്യയുടേതു മതിയെന്ന് നിലപാട് എടുത്ത പശ്ചാത്തലത്തില്‍ ഈ വാക്‌സിന്‍ നയതന്ത്രത്തിന് പ്രാധാന്യമേറുന്നു.

രാജ്യത്ത് ആവശ്യത്തിന് വാക്‌സീന്‍ ഉണ്ടെന്നു ഉറപ്പുവരുത്തിയാണ് അയല്‍ രാജ്യങ്ങള്‍ക്കായുള്ള ഇന്ത്യയുടെ കരുതല്‍. ബുധനാഴ്ച മുതല്‍ ബംഗ്ലദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ആകെ 3.2 ദശലക്ഷം വാക്‌സീനുകളാണ് ഇന്ത്യ കയറ്റി അയച്ചത്. മൗറീഷ്യസിലേക്കും മ്യാന്‍മറിലേക്കും സീഷെല്‍സിലേക്കുമുള്ള വാക്‌സീനുകള്‍ കയറ്റുമതിക്ക് തയാറായിക്കഴിഞ്ഞു. ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് പട്ടികയില്‍ അടുത്തത്. ഇതുകൂടാതെ വാണിജ്യാടിസ്ഥാനത്തില്‍ ബ്രസീലിലേക്കും മൊറോക്കോയിലേക്കും വാക്‌സീന്‍ കയറ്റി അയയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.