കോവിഡ് മഹാമാരിയെ നിയന്ത്രിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ 550 കോടിയോളം ആളുകള്‍ക്കെങ്കിലും പ്രതിരോധമരുന്ന് ലഭിച്ചക്കണം. അതായത് ലോക ജനസംഖ്യയുടെ 60 മുതല്‍ 70 ശതമാനം ആളുകളിലേക്ക് വാക്‌സിന്‍ എത്തണം. എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിച്ച് വൈറസിനെതിരെ പ്രതിരോധശേഷി കൈവരിക്കാനാണ് ലോകരാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ വാക്‌സിന് ചിലവുകളെക്കുറിച്ചാണ് ഇപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത്.

നിലവില്‍ കോവിഡ് വാക്‌സിന്റെ വില സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. രണ്ട് ഡോസ് മരുന്നിന് ആഗോള തലത്തില്‍ 450 രൂപ മുതല്‍ 5,500രൂപവരെ വിലവരും എന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എംആര്‍എന്‍എ1273 എന്ന പേരില്‍ മൊഡേണ പുറത്തിറക്കുന്ന വാക്‌സിന്‍ ഒരു ഡോസിന് ഏകദേശം 2700 രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരുന്ന് ഒരു ഡോസ് എടുത്ത് നിര്‍ത്തുന്നതിനേക്കാള്‍ ഫലപ്രദം രണ്ട് ഡോസ് സ്വീകരിക്കുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാക്‌സിന് തുടക്കത്തില്‍ സബ്‌സിഡി അനുവദിക്കുമെന്നും ഒരു വര്‍ഷത്തിന് ശേഷം വില വിപണിക്കനുസൃതമായി നിശ്ചയിക്കുമെന്നും പ്രമുഖ മരുന്ന് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന ആസ്ട്രാ സെനേക്കയുടെ വാക്‌സിന്റെ രണ്ട് ഡോസിന് 700 മുതല്‍ 2000 രൂപവരെ വിലവരും. എന്നാല്‍ ഇതേക്കുറിച്ചുള്ള അന്തിമതീരുമാനം ഇനിയും ഉണ്ടായിട്ടില്ല.

രാജ്യങ്ങളും വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളും തമ്മിലുള്ള മുന്‍കൂര്‍ കരാറിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോവിഡ് വാക്‌സിന്റെ വില കണക്കാക്കുന്നത്. ഉദ്ദാഹരണത്തിന് മൊഡേണ 50-60 അമേരിക്കന്‍ ഡോളറിനാണ് (3700ലധികം രൂപ) വാക്‌സിന്‍ നല്‍കാമെന്ന് ഉറപ്പിച്ചിരിക്കുന്നത്. അതേസമയം ഫിസറും ബയോഎന്‍ടെക്കുമായുള്ള അമേരിക്കയുടെ കരാറ് രണ്ട് ഡോസിന് 39അമേരിക്കന്‍ ഡോളറിനാണ് (2900 രൂപയോളം) ഉറപ്പിച്ചിരിക്കുന്നത്. ഇത് ആസ്ത്ര സെനേക്കയും ഓക്‌സ്‌ഫേര്‍ഡുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഉണ്ടാക്കിയ കരാറിനേക്കാള്‍ നാല് മടങ്ങ് അധികമാണ്. ആറ് ഡോളര്‍ മുതലാണ് ആസ്ട്ര സെനേക്ക വാക്‌സിന്‍ കരാറായിരിക്കുന്നത്. ഫിസര്‍ വാക്‌സിന്‍ കണ്ടെത്തിയാല്‍ 19,50,000രൂപയ്ക്ക് അമേരിക്കയ്ക്ക് 100 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ നല്‍കാമെന്നാണ് കരാര്‍, അതായത് രണ്ട് ഡോസിന് 39അമേരിക്കന്‍ ഡോളര്‍ എന്ന നിലയ്ക്ക്.