ലോകം കോവിഡിന്റെ പിടിയില്‍ അമരുമ്പോഴും ആശ്വസിക്കാനുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുകെയില്‍ ആറുമാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് യുകെയിലെ ദ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ ക്രിസ്മസിനു മുമ്പ് ആവശ്യമായ അനുമതി നല്‍കി 2021 ഏപ്രിലില്‍ ഈസ്റ്ററിന് മുന്‍പ് വാക്‌സീന്‍ നല്‍കി തുടങ്ങാനാണ് പദ്ധതി.

അതേസമയം, അടുത്ത വര്‍ഷാരംഭത്തിനു മുമ്പുതന്നെ ഓക്‌സഫഡ് വാക്‌സീന് അനുമതി ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. കുട്ടികളൊഴികെയുള്ള രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം അംഗീകാരം നല്‍കി ആറു മാസത്തിനകം വാക്‌സീന്‍ നല്‍കാനാണ് യുകെ ശ്രമിക്കുന്നതെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഓക്‌സഫഡ് വാക്‌സീന്‍ ഡാറ്റയുടെ തല്‍സമയ അവലോകനം ആരംഭിച്ചതായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അറിയിച്ചു. വാക്‌സീന് അനുമതി നല്‍കുന്ന പ്രക്രിയ വേഗത്തിലാക്കുന്നതിനാണ് തല്‍സമയ അവലോകനം ആരംഭിച്ചത്.

വാക്‌സീന്‍ വിതരണത്തിന് യുകെയിലെ പ്രതിരോധ കുത്തിവയ്പ്പിനുള്ള സംയുക്ത സമിതി അംഗീകരിച്ച പ്രോട്ടോകോള്‍ അനുസരിച്ച് 65ന് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ആദ്യം കുത്തിവയ്പ്പ് നല്‍കും. തുടര്‍ന്ന് ഉയര്‍ന്ന റിസ്‌കുള്ള യുവാക്കള്‍ക്ക്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് വരിയില്‍ അടുത്തത്. ആരോഗ്യവാന്മാരായ യുവാക്കള്‍ക്ക് ഏറ്റവും അവസാനമാകും വാക്‌സീന്‍ നല്‍കുക.
100 ദശലക്ഷം ഡോസ് ഓക്‌സഫഡ് വാക്‌സീനു വേണ്ടിയാണ് യുകെ ഗവണ്‍മെന്റ് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നത്.