ഡര്‍ബന്‍: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരമകനാണ് മരിച്ചത്. സതീഷ് സീത-ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനായ സതീഷ് ദുപേലിയ ആണ് മരിച്ചത്. 66 വയസായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്നു സതീഷ് ദുപേലിയ. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തലമുറകളായി നടത്തി വരികയായിരുന്നു. അതിനിടെയാണ് സതീഷ് ദുപേലിയ മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ അണുബാധയും ഹൃദയാഘാതവുമാണ് മരണ കാരണമെന്ന് കുടുംബം മാധ്യമങ്ങളെ അറിയിച്ചു.

ഉമ ദുപേലിയ, കീര്‍ത്തി മേനോന്‍ എന്നിവരാണ് സഹോദരങ്ങള്‍.