അബുദാബി: അബുദാബിയില്‍ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇപ്പോഴുള്ളതുപോലെ കൊവിഡ് ദ്രുത പരിശോധനാ ഫലം മാത്രം ഹാജരാക്കിയാല്‍ നാളെ മുതല്‍ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനാവില്ല. എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.

യുഎഇയില്‍ അടുത്തിടെ കൊവിഡ് രോഗികകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവുകള്‍ക്കിടയിലാണ് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ അത് ഹാജരാക്കി അബുദാബിയില്‍ പ്രവേശിക്കാം. അതല്ലെങ്കില്‍ ആറ് ദിവസത്തിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലത്തിനൊപ്പം ലേസര്‍ അധിഷ്ഠിത ദ്രുതപരിശോധന കൂടി നടത്തണം. രണ്ട് റിസള്‍ട്ടുകളും നെഗറ്റീവാണെങ്കിലും പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 27 വ്യാഴാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചിരിക്കുന്നത്.

മേയ് മുതലാണ് അബുദാബിയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണമെന്ന് നിര്‍ബന്ധമാക്കിയത്. ആദ്യം പിസിആര്‍ പരിശോധനാ ഫലം ആവശ്യമായിരുന്നെങ്കിലും പിന്നീട് ലേസര്‍ അധിഷ്ഠിത ഡി.പി.ഐ ടെസ്റ്റ് മതിയെന്ന ഇളവ് കൊണ്ടുവന്നതോടെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി. പിസിആര്‍ ടെസ്റ്റിന് 370 ദിര്‍ഹം ചെലവ് വന്നിരുന്ന സ്ഥാപനത്ത് ദ്രുത പരിശോധനയ്ക്ക് 50 ദിര്‍ഹമായിരുന്നു നിരക്ക്. അബുദാബിയില്‍ അഞ്ചിടങ്ങളിലും മറ്റ് എമിറേറ്റുകളില്‍ ആറിടങ്ങളിലും ദ്രുത പരിശോധാ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പി.സി.ആര്‍ ടെസ്റ്റ് കൂടി നിര്‍ബന്ധമാക്കിക്കൊണ്ട് നാളെ മുതല്‍ പുതിയ നിബന്ധന നിലവില്‍ വരുന്നത്.