ആലപ്പുഴ: കായല്‍ കൈയ്യേറ്റമടക്കമുള്ള വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയെ വിമര്‍ശിച്ച് ആലപ്പുഴയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ ചാണ്ടിയെ മത്സരിപ്പിച്ചത് തെറ്റായെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടി തന്നെ മത്സരിക്കുമെന്നുമാണ് ആലപ്പുഴ ജില്ല കമ്മിറ്റി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

കായല്‍ കൈയ്യേറ്റ കേസില്‍ അനുകൂല വിധി സംബാദിച്ച്് മന്ത്രി സ്ഥാനത്തേക്ക് തിരികെയെത്താനുള്ള തോമസ് ചാണ്ടിയുടെ ശ്രമത്തിനേറ്റ വലിയ തിരിച്ചടിയാണിത്. ഇതോടെ വിധി അനുകൂലമായാലും മന്ത്രി സ്ഥാനം തിരിച്ചെത്താന്‍ കടമ്പകള്‍ കടക്കേണ്ടിവരുമെന്നുറപ്പായി.

‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിക്ക് സീറ്റ് നല്‍കിയത് മണ്ടത്തരമായിപ്പോയി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം സി.പി.ഐ.എം ഏറ്റെടുക്കും. പാര്‍ട്ടിക്ക് ഏറെ വൈകാരിക ബന്ധമുള്ള മണ്ഡലമാണ് കുട്ടനാട്’. ജില്ല സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രിയായിരിക്കെ എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഹണിട്രാപ്പില്‍ കുടുങ്ങിയപ്പോഴാണ് എന്‍.സി.പിയുടെ മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടി വരുന്നത്. എന്നാല്‍ മാസങ്ങള്‍ക്കകം കായല്‍ കൈയ്യേറ്റമടക്കമുള്ള വിവാദത്തെ തുടര്‍ന്ന് ഈ സ്ഥാനം തോമസ് ചാണ്ടിക്ക് രാജിവെച്ച് ഒഴിയേണ്ടി വന്നു.