Connect with us

Video Stories

വിശ്വാസികളെ കൈവിട്ട സി.പി.എമ്മിന്റെ ദുര്‍വിധി

Published

on


ഇഖ്ബാല്‍ കല്ലുങ്ങല്‍
ശബരിമല വിഷയം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോഴും സി.പി.എം നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. പരസ്യമായിതന്നെ പല നേതാക്കളും വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടമാക്കി രംഗത്തുവന്നു. സി.പി.എം ഒന്നടങ്കം ശബരിമല വിഷയം തിരിച്ചടിയായെന്ന് പറഞ്ഞാല്‍പോലും മുഖ്യമന്ത്രിക്ക് അത് സമ്മതിക്കാന്‍ കഴിയില്ല, കാരണം അങ്ങിനെ സമ്മതിച്ചുകൊടുത്താല്‍ അന്നെടുത്ത തന്റെ തീരുമാനം ശരിയായിരുന്നില്ലെന്ന് സമ്മതിക്കലാകും. അത് തന്റെ ശൈലി തിരുത്തിക്കുന്നതിനു സമാനമാകും. അതിപ്പോള്‍ ഒരിക്കലും നടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നില്‍. സി.പി.എം കനത്ത തിരിച്ചടി നേരിട്ട ഒരു വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി മലക്കംമറിഞ്ഞുകൊണ്ടേയിരിക്കും. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ പാകപ്പിഴ പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചയായി കഴിഞ്ഞു. വിശ്വാസികളില്‍ തീര്‍ത്ത വേദന സി.പി.എമ്മിനെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. ഈ പാപക്കറ കഴുകികളയാന്‍ സി.പി.എമ്മിനാവില്ല, ഓരോ തെരഞ്ഞെടുപ്പിലും തിരിച്ചടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ശബരിമലയില്‍ സ്വപ്‌നം നെയ്ത ബി.ജെ.പിയിലും പൊട്ടിത്തെറി തുടങ്ങി. ശബരിമല വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ കൊമ്പ് കോര്‍ത്തവരായിരുന്നു ഇരുകൂട്ടരും. മുതലെടുപ്പ് നടത്താന്‍ നടത്തിയ നീക്കങ്ങള്‍ പക്ഷേ വോട്ടര്‍മാര്‍ ഇരുകൂട്ടര്‍ക്കുമെതിരെതന്നെ തള്ളിയെന്നത് തുറന്ന യാഥാര്‍ത്ഥ്യം.
ശബരി മല വിഷയം ഇടതു സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കേരള ജനത നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ ഇടത് സര്‍ക്കാറിനോട് ജനങ്ങള്‍ അന്നേ പറഞ്ഞത് ശരിവെക്കുന്നതായി ഫലം. ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആയിരം ദിനങ്ങളിലെ മേന്‍മയാക്കി അവതരിപ്പിക്കാന്‍ കാണിച്ച തിടുക്കം തിരിച്ചടിയില്‍ കലാശിച്ചിരിക്കുകയാണിപ്പോള്‍. കേരളത്തിന്റെ ജനാഭിപ്രായം നോക്കാതെ തിടുക്കപ്പെട്ടെടുത്ത തീരുമാനത്തിനു കേരളം നല്‍കേണ്ടിവന്ന വില കാലംകൊണ്ട് മായ്ക്കാന്‍ കഴിയാത്തതാണെന്ന് വോട്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നു. സുപ്രീംകോടതി വിധിയുടെ ഭാഗമായി ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കേരളത്തിന്റെ സല്‍പ്പേരിനു ഉണ്ടാക്കിയ കളങ്കം ചെറുതായിരുന്നില്ല. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവരുന്നതിന്മുമ്പ് അത് നടപ്പാക്കുന്നതിനുള്ള തിരക്കിട്ട നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. വിശ്വാസപരമായ ആചാരത്തെ കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം വിവേകരഹിതമായി പ്രവര്‍ത്തിച്ചത് ബോധപൂര്‍വമായിരുന്നു. വിശ്വാസപരമായ കാര്യങ്ങളില്‍ സാവകാശം ആവശ്യമുള്ളിടത്താണ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുമാറ് ഇടത് സര്‍ക്കാര്‍ അധികാരം ഉപയോഗിച്ചത്. ഭരണാധികാരി വിവേകിയാകേണ്ടതിനുപകരം അഹങ്കാരത്തിലേക്ക് വഴിമാറുകയായിരുന്നു. കൈവിട്ട കളിക്ക് അവസരം നല്‍കുന്നതിലല്ല ഭരണാധികാരിയുടെ വിജയം. സങ്കീര്‍ണമായ വിഷയത്തെ നല്ലപോലെ തീര്‍ക്കാമായിരുന്നതാണ് അനാവശ്യമായി ജനത്തിനു മീതെ ദുരിതപൂര്‍ണമാക്കിമാറ്റിമറിച്ചത്. വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ അവസരം കാത്തിരിക്കുന്ന ബി.ജെ.പിക്ക് സ്ഥിതി വഷളാക്കാന്‍ അവസരം വാരിക്കോരി നല്‍കുകയായിരുന്നു ഇതിലൂടെ. മുതലെടുപ്പ് നടത്താന്‍ സി.പി.എമ്മും ബി.ജെ.പിയും ഇറങ്ങിയപ്പോള്‍ കേരളം കനത്ത വില നല്‍കുകയായിരുന്നു. തങ്ങള്‍ക്ക് ഇതൊരു സുവര്‍ണാവസരമാണെന്ന് ബി.ജെ.പി പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള യുവമോര്‍ച്ചാ യോഗത്തില്‍ പറഞ്ഞത്. നടപടികളിലെ അന്തര്‍ധാര ബന്ധത്തെ കുറിച്ച് സംശയം ചോദിക്കുന്നവരോട് സര്‍ക്കാറിനു മറുപടിയില്ലായിരുന്നു. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച മൂടിവെക്കാന്‍ കാണിച്ച ഗിമ്മിക്ക് അതിനേക്കാളും വലിയ അബദ്ധമായി മാറുകയും ചെയ്തു. സ്വയം തോണ്ടിയ കുഴി നിവര്‍ത്താന്‍ മറ്റൊരു കുഴി തോണ്ടുകയായിരുന്നു. പകരംവെക്കാന്‍ 2019 ജനുവരി ഒന്നിന് വനിതാമതില്‍ എന്ന പ്രഖ്യാപനമായാണ് സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തും അപകടകരമായ രാഷ്ട്രീയകളിയായി ഇത്. കേരളത്തിന്റെ നവോത്ഥാനചരിത്രം സര്‍ക്കാര്‍ മനസ്സിലാക്കാതെ ചാടിപുറപ്പെട്ട മതില്‍ കേരളത്തില്‍ തീര്‍ത്തത് മറ്റൊരു വിള്ളലായിരുന്നു. ഹൈന്ദവ വിഭാഗത്തില്‍പെട്ട ഏതാനും സംഘടനകളുടെ യോഗം മാത്രമാണ് മതിലിനായി മുഖ്യമന്ത്രി വിളിച്ചത്. ക്രിസ്ത്യന്‍, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ബോധപൂര്‍വം ഒഴിവാക്കി. കേരളത്തിന്റെ നവോത്ഥാനത്തിന് ഹൈന്ദവ സമൂഹത്തിനോടൊപ്പം ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലെ മനുഷ്യ സ്‌നേഹികളും നല്‍കിയ നിസ്തുല സംഭാവനകളെ തമസ്‌കരിച്ച് സര്‍ക്കാര്‍ നടത്തിയ നീക്കം വിവേകശൂന്യവും ഗുഢാലോചനകള്‍ നിറഞ്ഞതുമായി.
സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വനിതാമതിലിന് വേണ്ടി ഒരു പൈസ ചിലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിലും പുറത്തും ആവര്‍ത്തിച്ച് വ്യക്തമാക്കിയതെങ്കിലും സര്‍ക്കാര്‍ പണം യഥേഷ്ടം ധൂര്‍ത്തടിച്ചാണ് മതില്‍ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ധനകാര്യ വകുപ്പ് മതിലിന് പണം നല്‍കണമെന്ന ഉത്തരവ് ചീഫ് സെക്രട്ടറി ഭേദഗതി ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന്റെ പണം മതിലിന് ചിലവഴിക്കും എന്ന് തന്നെയാണ് വ്യക്തമാക്കിയത്. നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനാണെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. സ്ത്രീശാക്തീകരണത്തിനാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. ശബരിമല വിഷയവുമായി മതിലിന് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും പലകുറി പറഞ്ഞു. അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് വനിതാമതില്‍ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ ഒരു വിഭാഗം സ്ത്രീകള്‍ മാത്രം മതില്‍ കെട്ടിയാല്‍ മതിയായിരുന്നോ എന്ന ചോദ്യം കേരളം ഉയര്‍ത്തി.
ബാബരി മസ്ജിദ് പൊളിക്കുന്നതിന് കര്‍വസേവ നടത്തിയ ഹിന്ദു പാര്‍ലമെന്റ് നേതാവിനെ മുന്‍നിര്‍ത്തിയാണ് നവോത്ഥാന മതില്‍ നിര്‍മിച്ചത് എന്നത് പരിഹാസ്യമായി. മിക്കയിടങ്ങളിലും മതില്‍ പൊളിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്തിട്ടും ഹൈക്കോടതി വിധി കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ തെരുവില്‍ ഇറക്കിയിട്ടും വനിതാമതില്‍ പൂര്‍ണമായില്ല. അണിചേരാന്‍ സ്ത്രീകളെ കിട്ടാതെ വന്നതോടെ പലയിടത്തും മതില്‍ മുറിഞ്ഞുപോയി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയില്‍ 620 കിലോമീറ്റര്‍ നീളത്തില്‍ വനിതാമതില്‍ തീര്‍ത്ത് ചരിത്രം കുറിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോഴും നഗരങ്ങളില്‍ മാത്രമാണ് വരിയൊപ്പിക്കാന്‍ സ്ത്രീകളെത്തിയത്. മറ്റു പലയിടങ്ങളിലും മീറ്ററുകളോളം നീളത്തില്‍ മതില്‍ ശൂന്യമായിരുന്നു. ചിലയിടങ്ങളിലാവട്ടെ ചിതറിയ ആള്‍കൂട്ടം മാത്രമായി മതില്‍. വനിതകള്‍ തന്നെയായിരിക്കും വനിതാമതിലിന്റെ സംഘാടകരുമെന്ന സര്‍ക്കാര്‍ അവകാശവാദവും പൊളിഞ്ഞു. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടേയും പുരുഷ നേതാക്കള്‍ ഒന്നടങ്കം ഓടി നടന്നിട്ടും ആളുകളെ ഒപ്പിക്കാന്‍ കഴിയാതെ സംഘാടകര്‍ കുഴങ്ങി. കാസര്‍കോട് വനിതാമതിലിനെച്ചൊല്ലി സി.പി.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായി. ഇതേതുടര്‍ന്ന് പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തു. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും ഭീഷണിപ്പെടുത്തിയാണ് ഒരു പരിധിവരെ ആളുകളെ ഒപ്പിച്ചത്. ഇതോടെ സംസ്ഥാനത്തൊട്ടാകെ മണിക്കൂറുകളോളം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. മതില്‍ തീര്‍ക്കാനുള്ള സമയം എത്തിയതോടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ശൂന്യമായി. വിദ്യാര്‍ത്ഥികളെ മതിലില്‍ അണിനിരത്തരുതെന്ന ഹൈക്കോടതി വിധി നഗ്നമായി ലംഘിക്കപ്പെട്ടു. പലയിടങ്ങളിലും സ്‌കൂള്‍ യൂണിഫോമില്‍ തന്നെ കുട്ടികളെ എത്തിച്ചാണ് മതിലിന് ആളെക്കൂട്ടിയത്. സാമുദായിക സംഘടനകളുടെ പിന്തുണയോടെയാണ്് വനിതാമതിലെന്ന സര്‍ക്കാര്‍ അവകാശ വാദവും പൊളിഞ്ഞു. പൂര്‍ണമായും സി.പി.എം പരിപാടിയായി മതില്‍ മാറി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ തീര്‍ത്ത വനിതാമതിലില്‍ പങ്കെടുത്തത് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും സി.പി.എം അനുകൂല സംഘടനയിലുള്ളവരും മാത്രമാണ്.
മതിലിന്റെ പിറ്റേ ദിവസം രണ്ട് യുവതികളെ നാടകീയമായി ശബരിമല കയറ്റിയതാണ് നവോത്ഥാനമെന്നത് പരിഹാസപൂര്‍വമാണ് കേരളം കണ്ടത്. ഇതിനു കേരളം കനത്ത വില നല്‍കേണ്ടിയും വന്നു. കേരളം തീക്കളിക്ക് സമാനമായി. സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് ഒരു ഭരണകൂടം നല്‍കിയത്. സര്‍ക്കാര്‍ ചെലവില്‍ തന്നെ അത് സംഭവിച്ചത് വലിയ ദുരന്തമായി. ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്ത് എത്തിയത്. യുവതീ പ്രവേശനം സാധ്യമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം ആദ്യമായാണ് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു സന്ദര്‍ ശനം. ദര്‍ശനം നടത്തി മടങ്ങിയത് അതീവ രഹസ്യമായായിരുന്നു. ഇവര്‍ വരുന്ന വിവരം അപൂര്‍വം പൊലീസുകാര്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ആറ് പൊലീസുകാരുടെ അകമ്പടിയോട്കൂടിയാണ് മല കയറിയത്. 2019 ജനുവരി 2ന് 3.48 ഓടെ ശ്രീകോവിലിന് മുന്നിലെത്തി കൃത്യം അഞ്ചു മിനിറ്റിനുള്ളില്‍ ദര്‍ശനം നടത്തി തിരിച്ചിറങ്ങുകയായിരുന്നു. ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധിച്ചില്ലെന്ന് ബിന്ദു പിന്നീട് പറഞ്ഞു. ഇരുവരേയും പിന്നീട് പമ്പയില്‍ നിന്നും അങ്കമാലിയില്‍ എത്തിച്ച ശേഷം പൊലീസ് വാഹനത്തില്‍ തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചത് നവോത്ഥാനം നടന്നുവെന്ന മട്ടിലായിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതായി വ്യക്തമായതോടെ നടയടച്ച് പരിഹാരക്രിയ നടത്തി. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനക്ക് ശേഷം രാവിലെ 10.30 ഓടെ നട അടച്ചു. പിന്നീട് ശുദ്ധിക്രിയക്കുശേഷം 11.30 ഓടെയാണ് നട തുറന്നത്. എന്നാല്‍ തന്ത്രി നട അടച്ചത് കോടതിയലക്ഷ്യമാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയില്‍ മുഖ്യമന്ത്രിയുടെ വാശി നടപ്പാക്കാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.
നേരത്തെ മല കയറാനെത്തി തിരിച്ചയക്കപ്പെട്ട ബിന്ദുവും കനകദുര്‍ഗയും കുറച്ചു നാളായി വീട്ടില്‍ എത്തിയിരുന്നില്ല. പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്ന ആരോപണം ബലപ്പെട്ടിരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും 2018 ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ അന്ന് അയ്യപ്പ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും സന്നിധാനത്തിന് മുക്കാല്‍ കിലോമീറ്റര്‍ മുമ്പ് വച്ച് തിരിച്ചിറങ്ങേണ്ടി വന്നു. പൊലീസ് വീണ്ടും മല കയറ്റാമെന്നുറപ്പു നല്‍കിയായിരുന്നു ഇരുവരെയും തിരിച്ചിറക്കിയത്. എന്നാല്‍ പിന്നീട് പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപിച്ച് ഇരുവരും നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റൊരു ദിവസം ശബരിമലയിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷമാണ് ഇരുവരും സമരം അവസാനിപ്പിച്ചത്.
മതില്‍ കയറിയതിനെ ചൊല്ലി കേരളത്തില്‍ സംഘ്പരിവാര്‍ നടത്തിയ അക്രമ ഹര്‍ത്താല്‍ കേരളത്തിനേറ്റ വലിയൊരു ആഘാതമായി. യുവതികള്‍ ദര്‍ശനം നടത്തിയ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. കേരള ചരിത്രത്തില്‍ കറുത്ത അധ്യായമായിരുന്നു ഇത്. സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം കളിച്ചപ്പോള്‍ കത്തിയെരിയുന്ന വിഷയത്തില്‍ വിവേകത്തോടെ ഇടപെട്ടത് യു.ഡി.എഫ് ആണെന്ന് മലയാളി സമൂഹം ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമാണ്. വോട്ടര്‍മാര്‍ ഇക്കാര്യം തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് അഭിപ്രായ സര്‍വെകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending