Culture
സംസ്ഥാന വ്യാപകമായി ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമം

കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ കേരളം മറികടന്നത് എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഒരു മനസായി ഒരുമിച്ച് നിന്നാണ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒരു മനസായി നിന്ന് പിന്തുണ നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതും അതായിരുന്നു. എന്നാല്‍ പ്രളയക്കെടുതി ശമിച്ചതോടെ എല്ലാം സ്വന്തം അക്കൗണ്ടിലേക്ക് വരവ് വെക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. സൈബര്‍ സഖാക്കള്‍ മുഖ്യമന്ത്രിയുടെ മാത്രം മികവായി ഈ അതിജീവനത്തിന്റെ ഉയര്‍ത്തിക്കാട്ടുകയാണ്. സംസ്ഥാനത്തെ പല ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിച്ചത് സര്‍ക്കാറിന്റെ യാതൊരു സഹായവുമില്ലാതെയാണ്. അവിടത്തെ എല്ലാ ചിലവുകളും വഹിച്ചത് സന്നദ്ധ സംഘടനകളായിരുന്നു.
എന്നാല്‍ ഇത്തരം ക്യാമ്പുകളെല്ലാം പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും സര്‍ക്കാര്‍ സംവിധാനവും ഉപയോഗപ്പെടുത്തി പിടിച്ചെടുക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പന്തളത്ത് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ നിന്ന് അവരെ പുറത്താക്കാന്‍ സി.പി.എം ആസൂത്രിത നീക്കമാണ് നടത്തിയത്. സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി റവന്യു ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയായിരുന്നു സി.പി.എം നീക്കം. എന്നാല്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഇതിന് പിന്നിലെ സി.പി.എമ്മിന്റെ നീക്കം പൊളിഞ്ഞത്.
പെരിഞ്ഞനം പഞ്ചായത്തിലെ മൂന്ന് പീടികയില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ അംബേദ്ക്കറുടെ പേരെഴുതിയ ഓട്ടോറിക്ഷയില്‍ ഭക്ഷണം വിതരണം ചെയ്തിരുന്ന കുസുമം ബോധ്, മധു ബോധ് എന്നിവരെ ക്യാമ്പ് ഗേറ്റിനടുത്ത് സി.പി.എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വെക്കുകയും മധു ബോധിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തലേ ദിവസം ഇതേ ക്യാമ്പില്‍ വിതരണം ചെയ്ത ബിസ്‌ക്കറ്റ് തിരിച്ച് നല്‍കി ഇത് കഴിച്ച് ആളുകള്‍ക്ക് എന്തെങ്കിലും പറ്റിയാലോ എന്നാക്ഷേപിച്ചു മധുവിനെ സഖാക്കള്‍ അപമാനിക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ പൊന്നാനി ഐ.എസ്.എസില്‍ നടന്ന ക്യാമ്പ്, തിങ്കളാഴ്ച രാത്രി എട്ട് മണി വരെ ഒരു കുഴപ്പവുമില്ലാതെ പോയിരുന്നു. എല്ലാവരും കൂടി പരസ്പര സഹകരണത്തോടെ സേവനം ചെയ്തു മുന്നോട്ട് പോയിരുന്ന ക്യാമ്പിലേക്ക് അതുവരെ അവിടെ ഇല്ലാതിരുന്ന കുറച്ചാളുകള്‍ കയറി വന്ന് ബഹളം വെക്കുകയായിരുന്നു. ഇവര്‍ അതുവരെ ക്യാമ്പില്‍ സേവനം ചെയ്തുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പുറത്താക്കാന്‍ ശ്രമിച്ചു. ക്യാമ്പ് കഴിഞ്ഞ് ഓഫീസിലേക്ക് വായോ, അപ്പൊ കാണാമെന്നായിരുന്ന അവിടെയുണ്ടായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയത്. സി.പി.എമ്മിന്റെ ക്യാമ്പ് പിടിച്ചെടുക്കല്‍ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ കടന്നുകയറ്റവും ഭീഷണിയുമെല്ലാം.
കളമശ്ശേരി പോളിടെക്‌നിക്കില്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥി യുവജനങ്ങള്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക് വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്യാമ്പില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട സി.പി.എം പ്രാദേശിക സംഘം ഈ വിദ്യാര്‍ത്ഥികളോട് പെട്ടെന്ന് തന്നെ ക്യാമ്പ് വിട്ടു പോകാന്‍ കല്‍പിക്കുകയായിരുന്നു. ഇനി എല്ലാ കാര്യങ്ങളും പാര്‍ട്ടി നോക്കിക്കോളുമെന്നായിരുന്നു സഖാക്കളുടെ നിലപാട്.
എറണാകുളം ജില്ലയിലെ വൈപ്പിനില്‍ നായരമ്പലത്തുള്ള ഭഗവതി വിലാസം സ്‌കൂളില്‍ നാലായിരത്തോളം ദുരിതബാധിതരുണ്ട്. ക്യാമ്പിലെത്തിച്ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുണ്ടായി. ആളുകള്‍ ഇതിനെ ചോദ്യം ചെയ്തത് ക്യാമ്പില്‍ സംഘര്‍ഷത്തിനിടയാക്കി.
വയനാട് ജില്ലയിലെ വൈത്തിരി എച്ച്.ഐ.എം.യു.പി സ്‌കൂളിലെ ക്യാമ്പ് നടത്തിപ്പില്‍ പാര്‍ട്ടി്ക്ക് സ്വാധീനം ലഭിക്കാന്‍ നടത്തിയ ഭീഷണിയും വ്യക്തിഹത്യയും കാരണം കല്‍പ്പറ്റ വില്ലേജ് അസിസ്റ്റന്റ് ആയ ടി അശോകന്‍ ആത്മഹത്യശ്രമം നടത്തി. പാര്‍ട്ടിയുടെ ഇംഗിതം അനുസരിക്കാത്തതിനാണ് പ്രളയക്കെടുതി മറികടക്കാന്‍ കഠിനാധ്വാനം ചെയ്ത ഈ ഉദ്യോഗസ്ഥനെ സി.പി.എം അപമാനിച്ചത്.
Film
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.
‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘
എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.
200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.
മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.
കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.
കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
Film
ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.
ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.
കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india3 days ago
ട്രംപിന്റെ വാദം തള്ളി ഇന്ത്യ, വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല