കണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ആര്‍.സി.സി തുടങ്ങി കേരളത്തിലെ നിരവധി ആശുപത്രികള്‍ കേന്ദ്രീകരിച്ച് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാവപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായ സി.എച്ച് സെന്ററുകള്‍ക്കെതിരെ ആസൂത്രിത നീക്കവുമായി സി.പി.എം. സി.എച്ച് സെന്ററുകളിലൂടെ മുസ്‌ലിം ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ടാണ് സി.പി.എം പടപ്പുറപ്പാട്. ജാതി മത ഭേദമന്യേ പാവങ്ങളുടെ അഭയകേന്ദ്രമായ സി.എച്ച് സെന്ററുകളെ കേവലം പാര്‍ട്ടി സംരഭമായി പ്രചരിപ്പിച്ച് കടന്നാക്രമിക്കാനാണ് സി.പി.എം നേതൃത്വവും അണികളും ശ്രമിക്കുന്നത്.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി സി.പി.എം പാവങ്ങളുടെ അത്താണിയായ സി.എച്ച് സെന്ററിനെതിരെ സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. എല്ലാ റമസാന്‍ മാസത്തിലും രണ്ടാമത്തെ വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ച് സി.എച്ച് സെന്ററിന് പിരിവ് നടക്കാറുണ്ട്. ഇതിനെതിരെ കേസ് കൊടുക്കുമെന്നാണ് ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ചില മുസ്‌ലിം നാമധാരികളായ സി.പി.എം അനുഭാവികളുടെ എക്കൗണ്ടുകളിലും സി.എച്ച് സെന്ററിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത്. സി.എച്ച് സെന്ററിനായി പിരിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നാണ് ഒരു സഖാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അതേസമയം സി.പി.എം പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ജാതി മത ഭേദമന്യേ മെഡിക്കല്‍ കോളേജിലും ആര്‍.സി.സിയിലും എത്തുന്ന പാവങ്ങള്‍ക്ക് അഭയ കേന്ദ്രമായ സി.എച്ച് സെന്ററുകളെ രാഷ്ട്രീയ ലക്ഷ്യത്തോടെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയതിന് കേസ് നടത്താന്‍ പിരിവ് നടത്തുന്ന ജയരാജന് പാവങ്ങളെ സഹായിക്കാന്‍ പിരിവ് നടത്തുന്നതിനോട് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ഉയരുന്ന ചോദ്യം.