തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍വിതരണത്തിനിടെയാണ് ഷാജന് നേരെ ആക്രമണം ഉണ്ടായത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മാനന്തേരി.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ 2 പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ ആകാശ് തില്ലങ്കേരിയെയും, റിജിന്‍ രാജിനെയും മട്ടന്നൂര്‍ കോടതിയില്‍ ആണ് ഹാജരാക്കുക. ഇന്നലെ പകല്‍ മുഴുവന്‍ ജില്ലാ ആസ്ഥാനത്ത് ചോദ്യം ചെയ്ത ഇരുവരേയും രാത്രിയോടെ മട്ടന്നൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ കേസുമായി ബന്ധപ്പെട്ട് എട്ടുപേരായിരുന്നു കസ്റ്റഡിയിലുണ്ടായിരുന്നത്. എന്നാല്‍ അഞ്ചുപേര്‍ കൊലയാളി സംഘത്തിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് നിര്‍ണ്ണായക മൊഴി ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.