Connect with us

News

‘ക്രിക്കറ്റ് ഇപ്പോള്‍ നയതന്ത്രമല്ല, സംഘര്‍ഷത്തിന്റെ ഉപാധിയായി’; മൈക്കല്‍ അതര്‍ട്ടണ്‍

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഉറപ്പാക്കാന്‍ ഐസിസി ഇനി ടൂര്‍ണമെന്റ് ക്രമീകരണങ്ങള്‍ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

ഏഷ്യാ കപ്പിലെ ഇന്ത്യപാകിസ്ഥാന്‍ മത്സരങ്ങള്‍ വീണ്ടും വിവാദങ്ങള്‍ക്കു വഴിയൊരുക്കിയ സാഹചര്യത്തില്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ അതര്‍ട്ടണ്‍ ശക്തമായ അഭിപ്രായവുമായി രംഗത്തെത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഉറപ്പാക്കാന്‍ ഐസിസി ഇനി ടൂര്‍ണമെന്റ് ക്രമീകരണങ്ങള്‍ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇരുടീമുകളുടെയും താരങ്ങള്‍ കൈകൊടുക്കാത്തതും, ട്രോഫി സ്വീകരിക്കാത്തതും പോലുള്ള സംഭവങ്ങള്‍ ക്രിക്കറ്റ് നയതന്ത്രത്തിനുപകരം സംഘര്‍ഷത്തിന്റെ വേദിയാകുന്നുവെന്നതാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കൊളംബോയില്‍ നടന്ന വനിതാ ലോകകപ്പ് മത്സരത്തിലും ഇരു ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ഹസ്തദാനം ഒഴിവാക്കിയതും ഈ അഭിപ്രായത്തിന് ശക്തി പകര്‍ന്നുവെന്നു അതര്‍ട്ടണ്‍ പത്രത്തിലെ തന്റെ കോളത്തില്‍ കുറിച്ചു.

2013 മുതല്‍ നടന്ന 11 ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യപാകിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തമ്മില്‍ ഏറ്റുമുട്ടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ”ക്രിക്കറ്റ് ഒരു കാലത്ത് നയതന്ത്രത്തിനുള്ള ഉപാധിയായിരുന്നു, പക്ഷേ ഇന്ന് അത് സംഘര്‍ഷത്തിന്റെയും രാഷ്ട്രീയ പ്രചാരണത്തിന്റെയും വേദിയായി മാറിയിരിക്കുന്നു,” അതര്‍ട്ടണ്‍ എഴുതി.

ഐസിസി ടൂര്‍ണമെന്റുകളുടെ സംപ്രേഷണ അവകാശങ്ങള്‍ക്ക് വലിയ വില ലഭിക്കുന്നതില്‍ പ്രധാന പങ്ക് ഇന്ത്യപാകിസ്ഥാന്‍ മത്സരങ്ങളുടേതാണെന്നും അദ്ദേഹം സമ്മതിച്ചു. ”സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഇത്തരം മത്സരങ്ങള്‍ ക്രമീകരിക്കുന്നത് തെറ്റല്ല, പക്ഷേ അത് ഇപ്പോള്‍ രാഷ്ട്രീയമോ പ്രചാരണമോ ലക്ഷ്യമാക്കുമ്പോള്‍ ന്യായീകരിക്കാനാകില്ല,” എന്നും അതര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു.

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തെരുവ് നായ ശല്യം രൂക്ഷം; രോഗികളും ജീവനക്കാരും ഭീതിയില്‍

മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്.

Published

on

കോഴിക്കോട്: തെരുവ് നായ ശല്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വീര്‍പ്പുമുട്ടുന്നു. മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്. ഇതുമൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും രാത്രിയില്‍ ഭയമില്ലാതെ സഞ്ചരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

അത്യാഹിത വിഭാഗത്തിനുമുമ്പിലും വിവിധ വാര്‍ഡുകളിലേക്കുള്ള വഴികളിലും തെരുവ് നായകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്ന ജീവനക്കാരും ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. കൂട്ടിരിപ്പുകാരും രോഗികളുടെ ബന്ധുക്കളും തെരുവ് നായ ശല്യത്തില്‍ ബുദ്ധിമുട്ടുകയാണ്.

സുപ്രീംകോടതി തെരുവ് നായകളെ നിയന്ത്രണ വിധേയമാക്കണമെന്ന് നിര്‍ദേശിച്ച പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, ഇനിയെങ്കിലും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജ് സന്ദര്‍ശകര്‍.

Continue Reading

News

ഡി.എന്‍.എ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ അന്തരിച്ചു

വാട്‌സണ്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.

Published

on

വാഷിങ്ടണ്‍: ഡി.എന്‍.എയുടെ ഇരട്ട പിരിയന്‍ ഘടന കണ്ടെത്തിയ പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. വാട്‌സണ്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.

1953ലാണ് വാട്‌സണ്‍ ഡി.എന്‍.എയുടെ ഇരട്ട പിരിയന്‍ ഘടന കണ്ടെത്തിയത്. ഈ മഹത്തായ ശാസ്ത്രകണ്ടുപിടിത്തത്തിന് 1962ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ഫ്രാന്‍സിസ് ക്രിക്ക്, മൗറിസ് വില്‍ക്കിന്‍സ് എന്നിവരോടൊപ്പം വാട്‌സണിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.

ജെയിംസ് വാട്‌സന്റെ ഈ കണ്ടെത്തലാണ് ജെനിറ്റിക് എന്‍ജിനീയറിങ്, ജീന്‍ തെറാപ്പി, ബയോടെക്‌നോളജി തുടങ്ങിയ ശാസ്ത്രശാഖകളില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴി തെളിച്ചത്.

1928ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ജനിച്ച വാട്‌സണ്‍, ചെറുപ്പത്തില്‍ തന്നെ അതുല്യമായ മികവ് തെളിയിച്ചു. ഒന്നാം ക്ലാസോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചിക്കാഗോ സര്‍വകലാശാലയിലും പിന്നീട് ഇന്‍ഡ്യാനാ സര്‍വകലാശാലയിലും വിദ്യാഭ്യാസം തുടര്‍ന്നു. ഡോ. സാല്‍വഡോര്‍ ലൂറിയയുടെ കീഴില്‍ നടത്തിയ ഗവേഷണഫലമായി വെറും 22-ാം വയസ്സില്‍ തന്നെ പി.എച്ച്.ഡി. നേടി.

തുടര്‍ന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ കാവെന്‍ഡിഷ് ലബോറട്ടറിയില്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പം ഗവേഷണം ആരംഭിക്കുകയും, അവിടെ നിന്നാണ് ചരിത്രപ്രസിദ്ധമായ ഡി.എന്‍.എ ഘടനയുടെ കണ്ടെത്തല്‍ ഉണ്ടായത്. പിന്നീട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും തുടര്‍ന്ന് കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1968ല്‍ ലബോറട്ടറിയുടെ ഡയറക്ടറായും 1990ല്‍ ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ തലവനുമായും വാട്‌സണ്‍ സേവനമനുഷ്ഠിച്ചു.

അതേസമയം, ജീവിതത്തിന്റെ അവസാനം ഘട്ടങ്ങളില്‍ വാട്‌സണ്‍ നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ജാതിയും ബൗദ്ധികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Continue Reading

News

രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് സൗരാഷ്ട്രയെ നേരിടും; നിര്‍ണായക പോരാട്ടം മംഗലപുരത്ത്

മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം രാവിലെ 9.30 മുതല്‍ ആരംഭിക്കുക

Published

on

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം രാവിലെ 9.30 മുതല്‍ ആരംഭിക്കുക.

കഴിഞ്ഞ മത്സരത്തില്‍ കര്‍ണാടകയോട് ഇന്നിങ്സ് തോല്‍വി വഴങ്ങിയ കേരളത്തിന് ഇന്ന് നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് കേരളം നേടി വെറും രണ്ട് പോയിന്റ് മാത്രമാണ്. അതേസമയം, സൗരാഷ്ട്ര മൂന്ന് മത്സരവും സമനിലയില്‍ അവസാനിപ്പിച്ച് അഞ്ച് പോയിന്റുമായി മുന്നിലാണ്.

സൗരാഷ്ട്രയ്ക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി കേരള ടീം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സി കെ നായിഡു ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വരുണ്‍ നായനാറിനും ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തിക്കും ടീമില്‍ ഇടം ലഭിച്ചു. കെസിഎല്ലില്‍ മികവ് തെളിയിച്ച സിബിന്‍ പി ഗിരീഷും ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത് മുന്‍ ഇന്ത്യന്‍ താരം ജയ്ദേവ് ഉനദ്ഘട്ട് നേതൃത്വം നല്‍കുന്ന ശക്തമായ സംഘമാണ് സൗരാഷ്ട്ര.

കേരള ടീം: മൊഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത്, രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, അഹ്‌മദ് ഇമ്രാന്‍, സച്ചിന്‍ ബേബി, ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തി, വരുണ്‍ നായനാര്‍, അഭിഷേക് പി നായര്‍, സച്ചിന്‍ സുരേഷ്, അങ്കിത് ശര്‍മ്മ, ഹരികൃഷ്ണന്‍ എം യു, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, ഏദന്‍ ആപ്പിള്‍ ടോം, സിബിന്‍ പി ഗിരീഷ്.

Continue Reading

Trending