ഡല്‍ഹി: മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറില്‍ നടന്ന സംഭവത്തില്‍ ഹഷിക (30) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് രാജ് കുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഹഷികയുടെ വീട്ടിലാണ് സംഭവം നടന്നത്.

ഫോട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന രാജ് കുമാറിന് കോവിഡ് ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയോടും മകനോടുമൊപ്പം ഭാര്യവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഹഷികയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജ്കുമാര്‍ സമീപത്തു കിടന്നുറങ്ങി.

രാവിലെ എഴുന്നേറ്റപ്പോള്‍ ഭാര്യ കൊല്ലപ്പെട്ടെന്നു മനസ്സിലാക്കിയ രാജ്കുമാര്‍ ബന്ധുവീട്ടിലേക്ക് പോയി. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാര്‍ പിടിയിലായത്.