കൊച്ചി: പ്രമുഖ യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് നടി മഞ്ജുവാര്യര്‍. നടിക്കെതിരായ ആക്രമണം യാദൃശ്ചികമാണെന്ന് കരുതുന്നില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ക്രിമിനല്‍ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്ന് മഞ്ജു പറഞ്ഞു. ക്രിമിനലുകള്‍ വ്യക്തമായി ആസൂത്രണം ചെയ്ത കെണിയായിരുന്നു നടിക്കു നേരെയുണ്ടായ ആക്രമണം. ഡ്രൈവറെ വിലക്കെടുക്കുക, ഒറ്റക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡില്‍ അപകടമുണ്ടാക്കുക, ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറിലേക്ക് അതിക്രമിച്ചു കയറുക, ബ്ലാക്‌മെയിലിങിന് ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ നേരത്തെ ഉറപ്പിച്ചാതായിരുന്നുവെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനാലാണ് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പറയുന്നതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.