X

ക്രിമിനലുകളെ സംരക്ഷിക്കുന്നത് സി.പി.എം പൊലീസ് സംഘം; ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനലുകളെ സംരക്ഷിക്കുന്നത് സി.പി.എം പൊലീസ് സംഘമാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലഹരിക്കടത്ത്, ഗുണ്ടാ ക്രിമിനല്‍ സംഘങ്ങള്‍ക്ക് സി.പി.എം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമാണ് കുടപിടിക്കുന്നതെന്നും അവരെ നിലയ്ക്ക് നിര്‍ത്തണമെന്നും പ്രതിപക്ഷം നിയമസഭയിലും പുറത്തും നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതായി വിഡി സതീശന്‍ പറഞ്ഞു.

ഭരണപക്ഷം പൊലീസിലെയും പാര്‍ട്ടിയിലെയും ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അദേഹം ആരോപിച്ചു. മാഫിയാ സംഘങ്ങളുമായി സി.പി.എം നേതാക്കള്‍ക്കും പൊലീസിനുമുള്ള പങ്ക് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടാസംഘങ്ങളുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നതും സി.പി.എം പ്രാദേശിക നേതാക്കളുടെ രാഷ്ട്രീയ സംരക്ഷണയിലാണ്. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതില്‍ നിന്നും പാര്‍ട്ടി നേതാക്കളെയും അണികളെയും വിലക്കാന്‍ സി.പി.എം ഇനിയെങ്കിലും തയാറാകണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം പുറത്തായതോടെ തിരുവനന്തപുരം ജില്ലയില്‍ മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കേണ്ടി വന്നു. ഈ സ്‌റ്റേഷനിലെ സി.ഐക്ക് സി.പി.എം പ്രാദേശിക നേതാക്കളുടെ സഹായം ഉണ്ടായിരുന്നെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും അദേഹം തുറന്നടിച്ചു.

webdesk13: