X

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് മറവിൽ കെ.എസ്.ഇ.ബി യിൽ കോടികളുടെ അഴിമതി – പി.കെ ഫിറോസ്

കോഴിക്കോട് : സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് മറവിൽ കെ.എസ്.ഇ.ബി യിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.

നിലവിൽ ഏകദേശം ഒരു ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ 40,000 കാറുകളാണ്. ഒരു കാർ ഉടമ ഒരു മാസം ശരാശരി 5,000 രൂപയോളം സ്വകാര്യ കമ്പനിയുടെ ആപ്പിലേക്ക് ലോഡ് ചെയ്യണം. ഒരു വർഷം 350 കോടി രൂപയോളമാണ് ഇത് വഴി സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലെത്തുന്നത്. മുൻകൂട്ടി അടക്കുന്ന ഈ പണത്തിനാനുപാതികമായി നിശ്ചിത സമയത്തിനുള്ളിൽ ചാർജ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉപഭോക്താവിന് പണം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. ഇങ്ങിനെ ലഭിക്കുന്ന പണവും സ്വകാര്യ കമ്പനിക്കാണ് ലഭിക്കുന്നത്.

ചാർജിങ്ങ് സംവിധാനത്തിന് കെ.എസ്.ഇ.ബി, കെ.ഇ.എം എന്ന പേരിൽ തയ്യാറാക്കിയ ആപ്പ് 2022 നവംബറിൽ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇന്ന് വരെ പ്രവർത്തനക്ഷമമായിട്ടില്ല. ഒരു വർഷത്തിലേറെയായി ഈ ആപ്പ് പ്രവർത്തിക്കാതിരിക്കുന്നത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണ്.  ഉപഭോക്താവിൻ്റെ പണം പോകുന്നത് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ്.

കെ.എസ്.ഇ.ബിയുടെ പല ചാർജിങ് സ്റ്റേഷനുകളും പ്രവർത്തനരഹിതമായി കിടക്കുന്നുണ്ട്. ഇലക്ട്രിക് പോസ്റ്റുകളിലെ ചാർജിംഗ് മെഷീനുകൾ പകുതിയിലധികവും കേട് വന്നതാണ്. ഇതിന്റെ മെയിന്റനൻസ് ആരുടെ ഉത്തരവാദിത്തമാണ് എന്നതിലും വ്യക്തതയില്ല. മാത്രവുമല്ല പല ചാർജിംഗ് സ്റ്റേഷനുകളിലും സ്ഥാപിച്ച മെഷീനുകൾ പുതിയ കാറുകൾ ചാർജ് ചെയ്യാൻ ഉപകരിക്കുന്നതല്ല എന്നും പി കെ ഫിറോസ് വ്യക്തമാക്കി. ഉപയോഗ ശൂന്യമായ മെഷീനുകൾ വാങ്ങിയത് വഴി കോടികളുടെ കമ്മീഷൻ ഇടനിലക്കാർ നേടിയിട്ടുണ്ടെന്നും ഫിറോസ് ആരോപിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിന്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് അറിയിച്ചു.

webdesk13: