Connect with us

kerala

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് മറവിൽ കെ.എസ്.ഇ.ബി യിൽ കോടികളുടെ അഴിമതി – പി.കെ ഫിറോസ്

കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.

Published

on

കോഴിക്കോട് : സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് മറവിൽ കെ.എസ്.ഇ.ബി യിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.

നിലവിൽ ഏകദേശം ഒരു ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ 40,000 കാറുകളാണ്. ഒരു കാർ ഉടമ ഒരു മാസം ശരാശരി 5,000 രൂപയോളം സ്വകാര്യ കമ്പനിയുടെ ആപ്പിലേക്ക് ലോഡ് ചെയ്യണം. ഒരു വർഷം 350 കോടി രൂപയോളമാണ് ഇത് വഴി സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലെത്തുന്നത്. മുൻകൂട്ടി അടക്കുന്ന ഈ പണത്തിനാനുപാതികമായി നിശ്ചിത സമയത്തിനുള്ളിൽ ചാർജ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉപഭോക്താവിന് പണം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. ഇങ്ങിനെ ലഭിക്കുന്ന പണവും സ്വകാര്യ കമ്പനിക്കാണ് ലഭിക്കുന്നത്.

ചാർജിങ്ങ് സംവിധാനത്തിന് കെ.എസ്.ഇ.ബി, കെ.ഇ.എം എന്ന പേരിൽ തയ്യാറാക്കിയ ആപ്പ് 2022 നവംബറിൽ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇന്ന് വരെ പ്രവർത്തനക്ഷമമായിട്ടില്ല. ഒരു വർഷത്തിലേറെയായി ഈ ആപ്പ് പ്രവർത്തിക്കാതിരിക്കുന്നത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണ്.  ഉപഭോക്താവിൻ്റെ പണം പോകുന്നത് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ്.

കെ.എസ്.ഇ.ബിയുടെ പല ചാർജിങ് സ്റ്റേഷനുകളും പ്രവർത്തനരഹിതമായി കിടക്കുന്നുണ്ട്. ഇലക്ട്രിക് പോസ്റ്റുകളിലെ ചാർജിംഗ് മെഷീനുകൾ പകുതിയിലധികവും കേട് വന്നതാണ്. ഇതിന്റെ മെയിന്റനൻസ് ആരുടെ ഉത്തരവാദിത്തമാണ് എന്നതിലും വ്യക്തതയില്ല. മാത്രവുമല്ല പല ചാർജിംഗ് സ്റ്റേഷനുകളിലും സ്ഥാപിച്ച മെഷീനുകൾ പുതിയ കാറുകൾ ചാർജ് ചെയ്യാൻ ഉപകരിക്കുന്നതല്ല എന്നും പി കെ ഫിറോസ് വ്യക്തമാക്കി. ഉപയോഗ ശൂന്യമായ മെഷീനുകൾ വാങ്ങിയത് വഴി കോടികളുടെ കമ്മീഷൻ ഇടനിലക്കാർ നേടിയിട്ടുണ്ടെന്നും ഫിറോസ് ആരോപിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിന്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് അറിയിച്ചു.

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പിഴവുണ്ട്: ആന്റണി രാജു

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു.

Published

on

തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലെന്ന് ആന്റണി രാജു പറഞ്ഞു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു. സര്‍ക്കാര്‍ എതിര്‍ത്തതാണോ പ്രശ്നമെന്ന് ആന്റണി രാജുവിനോട് കോടതി ചോദിച്ചു.

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാന്‍ഷു ധൂലിയ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Continue Reading

kerala

ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; 9 വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്

കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നടന്ന മോക് പോളിങ്ങില്‍ തിരിമറി നടന്നതായി പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നതായും അധികമായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേതാണെന്നുമാണ് പരാതി. കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

ഏപ്രില്‍ 17ന് ആണ് ഇ.വി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പതിച്ചതും മോക് പോളിങ് നടന്നതും. പൂഞ്ഞാറിലെ ഒരു സ്വകാര്യ കോളേജിലായിരുന്നു പോളിങ് നടന്നത്. 172 മെഷീനുകള്‍ പരിശോധിച്ചതില്‍ നിന്ന് അഞ്ച് മെഷീനുകളില്‍ ക്രമക്കേടുകള്‍ കണ്ടുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

എട്ട് സ്ഥാനാര്‍ത്ഥികളും നോട്ടയടക്കകം ഒമ്പത് വോട്ടുകളാണ് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിവി പാറ്റില്‍ വന്നത് പത്ത് വോട്ടുകളും. അധികമായി വന്നത് ബി.ജെ.പിയുടെ താമര ചിഹ്നമാണെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഇത് സാങ്കേതിക തകരാറാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ക്രമക്കേടില്‍ പ്രതികരിച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി ഉണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

Continue Reading

Trending