ന്യൂഡല്‍ഹി: സി.ആര്‍.പി.എഫ് ക്യാമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനം മോഷ്ടിച്ചു. ജമ്മു കശ്മീര്‍ രജിസ്‌ട്രേഷനിലുള്ള 02എ ഡബ്ല്യു 5441 നമ്പര്‍ സുമോ വിക്ടയാണ് കവര്‍ന്നത്.
ആര്‍.കെ പുരത്തെ ക്യാമ്പിനടുത്ത് നിര്‍ത്തിയിട്ടതായിരുന്നു വാഹനം. ഡിസംബര്‍ 30നാണ് വാഹനം കാണാതായത്. തുടര്‍ന്ന് ഡല്‍ഹി പൊലീസിലും മറ്റ് അന്വേഷണ ഏജന്‍സികളിലും സൈന്യം പരാതി നല്‍കി. റിപ്പബ്ലിക് ദിനം അടുത്തുവരുന്ന സാഹചര്യത്തില്‍ വാഹനം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതോടെ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കി. സൈനിക വാഹനം തട്ടിയെടുത്ത് മിലിട്ടറി ക്യാമ്പുകളില്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതേതുടര്‍ന്ന് സൈനിക താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. തന്ത്രപ്രധാനമായ മേഖലയില്‍ നിന്ന് സൈനിക വാഹനം കളവ് പോയത് സൈന്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.