ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധിയില്‍ പ്രതിപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നിലപാട് കൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ പൊതുവേദിയില്‍ പറയേണ്ടി വരുന്നതെന്ന് അദ്ദേഹം അഹമ്മദാബാദില്‍ ക്ഷീരകര്‍ഷകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് തന്നെ എതിര്‍ക്കാം. എന്നാല്‍ ജനങ്ങളെ ബാങ്കിങ് പഠിപ്പിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അവകാശമില്ല. അമ്പതു ദിവസമാണ് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഈ കാലയളവിനുള്ളില്‍ രാജ്യം പൂര്‍ണമായും അഴിമതി മുക്തമാവുമെന്ന് മോദി പറഞ്ഞു. കുറ്റക്കാരായ ഒരാളും രക്ഷപ്പെടില്ല. ബാങ്കിലോ എടിഎമ്മിലോ ക്യൂ നിന്ന് സമയം കളയേണ്ട ആവശ്യമില്ല. പകരം ഇ-വാലറ്റുകളും ഇ-ബാങ്കിങും ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ ഈ പ്രശ്‌നത്തെ മറികടക്കാനാവുമെന്ന് മോദി പറഞ്ഞു. തീവ്രവാദത്തിനും കള്ളപ്പണത്തിനുമെതിരെയാണ് തന്റെ പോരാട്ടം. നോട്ടു അസാധുവാക്കിയത് നക്‌സല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.