ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, ജീവനും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക്. ഇതോടെ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എവിടെ നിന്നു ഉല്‍ഭവിച്ചുവെന്നത് ആര്‍.ബി.ഐയുടെ മറുപടിയോടെ വീണ്ടും നിഗൂഢമാവുകയാണ്. വിവരാവകാശം വഴി നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് ആര്‍.ബി.ഐഇത്തരത്തില്‍ മറുപടി നല്‍കിയത്.

നോട്ട് അസാധുവാക്കലിന് മുമ്പ് നടത്തിയ തയാറെടുപ്പുകളെ കുറിച്ചും ഇതുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ആരാഞ്ഞപ്പോഴും വിവരം വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ആര്‍.ബി.ഐ മറുപടി നല്‍കിയത്. വിവരങ്ങള്‍ പുറത്ത് വിടുന്നയാളുടെ ജീവന് ആപത്തുണ്ടാകുമെന്നും രാജ്യ സുരക്ഷയ്ക്കും ദേശീയോദ്ഗ്രഥനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും വെല്ലുവിളിയാണെന്നും ആര്‍.ബി.ഐ വിവരാവകാശത്തിനുള്ള മറുപടിയില്‍ പറയുന്നു. നോട്ട് അസാധുവാക്കലിന് മുമ്പ് എന്തെല്ലാം തയാറെടുപ്പുകള്‍ നടത്തി എന്ന ചോദ്യത്തിനാണ് ആര്‍.ബി.ഐ ഇത്തരത്തില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞത്.

മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ ദിവസം വരെ ഉയര്‍ന്ന മൂല്യമുള്ള എത്ര കറന്‍സികള്‍ ബാങ്കുകളില്‍ ഉണ്ടായിരുന്നുവെന്ന ചോദ്യത്തിന് ഇതേ കുറിച്ചുള്ള വിവരം നല്‍കുന്നയാളുടെ ജീവന് ഭീഷണിയുള്ളതിനാല്‍ പുറത്തു വിടാനാവില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്. ഡിസംബര്‍ എട്ടിനും ജനുവരി രണ്ടിനും ഇടയില്‍ 14 ചോദ്യങ്ങളാണ് വിവരാവകാശം വഴി ബ്ലൂംബര്‍ഗ് ന്യൂസ് ആര്‍ബിഐയോട് ചോദിച്ചത്. ഇതില്‍ അഞ്ച് ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി കിട്ടിയത്. വാണിജ്യ ബാങ്കുകളില്‍ എത്ര നോട്ടുകള്‍ തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ആര്‍ബിഐ പറഞ്ഞു. എന്തുകൊണ്ടാണ് റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് നോട്ട് നിരോധന തീരുമാനം കൈക്കൊണ്ടതെന്ന ചോദ്യത്തിന് ഇത് വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരില്ലെന്നായിരുന്നു ആര്‍ബിഐയുടെ മറുപടി.

നോട്ട് നിരോധനത്തിന് ആര്‍.ബി.ഐയാണ് നിര്‍ദേശം നല്‍കിയതെന്നായിരുന്നു കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. ആര്‍.ബി.ഐ നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയും പിന്നീട് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുമായിരുന്നുവെന്നാണ് പിയൂഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറാണ് നോട്ട് അസാധുവാക്കലിന് നിര്‍ദേശം നല്‍കിയതെന്നാണ് ആര്‍.ബി.ഐ പറയുന്നത്. പാര്‍ലമെന്ററി പാനലിനു മുന്നിലായിരുന്നു ആര്‍.ബി.ഐയുടെ വെളിപ്പെടുത്തല്‍. ജനുവരി 20ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ സത്യവാങ് മൂലം നല്‍കുന്നതോടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.