കോഴിക്കോട്: വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി ഫസല്‍ ഭീമായോജന പദ്ധതി റഫേല്‍ യുദ്ധവിമാന ഇടപാടിനെ കടത്തിവെട്ടുന്ന അഴിമതിയാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി. സായിനാഥ്. ടാഗോര്‍ ഹാളില്‍ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 68,000 കോടിയാണ് ഇതിന്റെ പേരില്‍ പിരിച്ചെടുത്തത്. എന്നാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് തുച്ഛമായ സംഖ്യയാണ്. മഹാരാഷ്ട്രയിലെ പര്‍വനി ജില്ലയില്‍ 143 കോടിയാണ് റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിക്ക് ലാഭം കിട്ടിയിത്. ഇവിടെ കര്‍ഷകരുടെ വിഹിതമായി 19 കോടിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 77 കോടിയും അടക്കം 173 കോടി ഇന്‍ഷൂറന്‍സ് കമ്പനിയുടെ കൈയില്‍ വന്നു. കേവലം 30 കോടി മാത്രമാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്.

18 ഇന്‍ഷൂറന്‍സ് കമ്പനികള്‍ സംയുക്തമായാണ് പദ്ധതിയുടെ നടത്തിപ്പ്. ഇതില്‍ നാലു പൊതുമേഖലാ സ്ഥാപനങ്ങളും ബാക്കി സ്വകാര്യ കമ്പനികളുമാണ്. വരള്‍ച്ചയുടെയും മറ്റ് പ്രകൃതിദുരന്തങ്ങളുടെയും നഷ്ടം കണക്കാക്കുന്നതില്‍ പുതിയ രീതി അവലംബിക്കുന്നതോടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ പോവുകയാണ്. 2016ലാണ് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന രീതി മാറ്റിയത്. ഉദ്യോഗസ്ഥര്‍ ഓരോ വില്ലേജിലും എത്തി നാശനഷ്ടം കണക്കാക്കുന്ന സമ്പ്രദായം നിര്‍ത്തുകയും പകരം സാറ്റലൈറ്റ് സംവിധാനത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന രീതി തുടങ്ങുകയും ചെയ്തു. ഇതോടെ നഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്ക് കിട്ടാതെ പോവുകയാണ്. ഇത്തരം കണക്കെടുപ്പുകളില്‍ കര്‍ഷകന് ഒരു റോളും ഇല്ലാത്ത അവസ്ഥയാണ്. വിള ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
രാജ്യത്ത് ഉണ്ടാവുന്ന കര്‍ഷക ആത്മഹത്യകളുടെ കണക്ക് പോലും ശരിയായവിധം രേഖപ്പെടുത്തുന്നില്ല. ഓരോ 32 മിനുട്ടിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന എന്നാണ് കണക്ക്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ സ്ഥിതിവിവരകണക്കുകളും ലഭ്യമല്ല. രാജ്യത്തെ ദളിതരും കര്‍ഷകരും ഉള്‍പ്പെടുന്ന താഴെ തട്ടിലുള്ളവര്‍ ഭയാശങ്കകളോടെയാണ് കഴിയുന്നത്. ഇതിനെതിരെ എഴുത്തുകാരും യുവാക്കളും വിദ്യാര്‍ത്ഥികളും രംഗത്ത് വരുന്നത് ആശ്വാസകരമാണ്. സായിനാഥ് പറഞ്ഞു.

സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി രാമകൃഷ്ണന്‍, എളമരം കരീം എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.വി ജയരാജ്, പി. സതീദേവി, ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡണ്ട് അഡ്വ. പി.എ മുഹമ്മദ് റിയാസ്,സെക്രട്ടറി അവോയ് മൂഖര്‍ജി, ജോയന്റ് സെക്രട്ടറി പ്രീതി ശേഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. മോഹനന്‍ സ്വാഗതം പറഞ്ഞു.