മുസഫര്‍നഗര്‍: ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ദളിതുകള്‍ക്കെതിരായ അതിക്രമം തുടരുന്നു. മുസഫര്‍ നഗറില്‍ ദളിത് യുവാവിനെ സംഘ്പരിവാറുകാര്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതില്‍ പ്രതിഷേധിച്ച് ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. യുവാവിനെ മര്‍ദ്ദിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുര്‍കാജിയില്‍ വെച്ചാണ് ഭീം ആര്‍മി പ്രവര്‍ത്തകനായ ദളിത് യുവാവിന് സവര്‍ണരുടെ ക്രൂര മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. സഹാറന്‍പൂര്‍ കലാപത്തിന് ശേഷം ഹിന്ദു മതം വിട്ട് ബുദ്ധമതത്തിലേക്കു മാറിയ വിപിന്‍ എന്ന യുവാവിനെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരായ സവര്‍ണര്‍ മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സവര്‍ണ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.