വാഷിങ്ടണ്‍: മാരത്തോണ്‍ മത്സരയോട്ടത്തില്‍ തളര്‍ന്നു വീണ പ്രതിയോഗിയെ വിജയിപ്പിച്ച് മത്സരാര്‍ത്ഥി കൈയ്യടിനേടി. ഡാലസ് മാരത്തോണില്‍ ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിച്ച രണ്ട് ഓട്ടക്കാരികളില്‍ ഒരാള്‍ ഇടയ്ക്ക് കുഴഞ്ഞു വീഴാന്‍ തുടങ്ങി. മത്സരത്തില്‍ എതിരാളി തളര്‍ന്ന് വീഴുന്നത് കണ്ട് സന്തോഷിച്ച് കുതിച്ച് ഓടുന്നതിന് പകരം കൈപിടിച്ചുയര്‍ത്തി. വെറുതെ കൈത്താങ്ങായി എന്ന് മാത്രമല്ല, ഫിനിഷിങ്ങ് പോയിന്റ് വരെ കൈ പിടിച്ച് ഓടി ഒന്നാമതാക്കി. എതിരാളിയായ ചാന്‍ഡ്‌ലറെയാണ് അരിയാന വിജയിപ്പിച്ചത്. മത്സരത്തിന്റെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ വിജയിച്ചോ എന്നായിരുന്നു പ്രഖ്യാപനത്തിനു ശേഷം ചാന്‍ഡ്‌ലര്‍ ചോദിച്ചത്. ഫിനിഷിങ് ലൈനില്‍ തൊട്ട ശേഷം അവശയായി കുഴഞ്ഞുവീണ ചാന്‍ഡ്‌ലറെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നിലേറെ തവണ കാലുകള്‍ കുഴഞ്ഞ് വീഴാനൊരുങ്ങുന്ന ചാന്‍ഡ്ലറെ അരിയാന കൈപിടിച്ച് ഉയര്‍ത്തുന്നതും ഫിനിഷിങ്ങ്പോയിന്റിലേക്ക് ഓടിയെത്താമായിരുന്നിട്ടും ചാന്‍ഡ്ലറെ ചെറുതായൊന്ന് തള്ളി പോയിന്റിലെത്തിക്കുന്നതും വീഡിയോയില്‍ കാണാം. വിജയിക്ക് മാത്രമല്ല എതിരാളി തളര്‍ന്ന് പോയപ്പോള്‍ അവരെ കണ്ടില്ലെന്ന് നടിക്കാതെ വിജയത്തിലേക്ക് അടുപ്പിച്ച അരിയാനയ്ക്കും കാണികള്‍ കയ്യടി നല്‍കി.

എല്ലാ മേഖയിലും പരസ്പരം മത്സരിക്കുന്ന കാലത്ത് മനുഷ്യത്വത്തിന് വില നല്‍കിയ അരിയാനയുടെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്.

വീഡിയോ കാണാം