ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുമതാചാരപ്രകാരം നവംബര്‍ 19ന് മുംബൈയില്‍ വിവാഹിതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ചടങ്ങില്‍ ക്ഷണം ഉണ്ടായിരിക്കുകയുള്ളൂയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരക്കുന്നത്. പിന്നീട് പത്മാവദ് ചിത്രത്തിലും ഒരുമിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് ശക്തിയേറി. പലപ്പോഴും ഇരുവരും പൊതുവേദികളില്‍ ഒരുമിച്ച് എത്തിയിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് ഇരുവരും പ്രതികരിച്ചിരുന്നില്ല.

രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ഷോപ്പിങ് നടത്തിയതും ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതുമെല്ലാം വിവാഹത്തിന് മുന്നോടിയാണെന്നാണ് ഗോസിപ്പുകാരുടെ നിഗമനം. സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹം കഴിഞ്ഞാല്‍ അടുത്തതായി നടക്കാന്‍ പോകുന്നത് രണ്‍വീറിന്റെയും ദീപികയുടെയും വിവാഹമെന്ന് ബോളിവുഡ് ലോകം ഏറെകുറെ ഉറപ്പിച്ചിരുന്നു.