ഡര്‍ബന്‍: കൂറ്റന്‍ സ്‌കോര്‍ വിജയലക്ഷ്യമായി മുന്നോട്ട് വെച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് തോല്‍വി. 372 എന്ന വിജയലക്ഷ്യമാണ് കംഗാരുപ്പട ആതിഥേയര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ നാല് പന്തും നാല് വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക 3-0ത്തിന് സ്വന്തമാക്കി.

ഡേവിഡ് മില്ലറുടെ(118) വെടിക്കെട്ട് ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്. 79 പന്തില്‍ നിന്ന് ആറ് സിക്‌സറും പത്ത് ഫോറും ഉള്‍പ്പെട്ടതാണ് മില്ലറുടെ ഇന്നിങ്‌സ്. മില്ലറുടെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഓപ്പണര്‍ ഡികോക്ക്(70) ഹാശിം അംല(45) ആന്റീല്‍(42) എന്നിവരുടെ പ്രകടനവും ദക്ഷിണാഫ്രിക്കയ്ക്ക് ഗുണമായി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണറുടെയും(117)ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും(108) സെഞ്ച്വറികളുടെ ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. ട്രാവിസ് ഹെഡ്(18 പന്തില്‍ 35) മാത്യു വേഡ്(8 പന്തില്‍ 17) എന്നിവരുടെ ഇന്നിങ്‌സും കംഗാരുക്കള്‍ക്ക് സഹായകരമായി.