ന്യൂഡല്‍ഹി: കത്വ കുട്ടിയ്ക്ക് നീതി ലഭിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നീതി എന്ന് എപ്പോള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദിവസങ്ങളുടെ മൗനത്തിന് ശേഷമാണ് രാജ്യത്ത് നടന്ന രണ്ട് ക്രൂര ബലാത്സംഗത്തില്‍ പ്രധാനമന്ത്രി അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യയുടെ കുട്ടികള്‍ക്ക് നീതി ലഭിക്കുമെന്ന് മോദി വ്യക്തമാക്കി.
എന്നാല്‍, കത്വയിലെയും ഉന്നാവയിലെയും കുട്ടികള്‍ക്ക് നീതി ലഭിക്കുമെന്ന് പറയുന്ന മോദി എന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
പ്രിയപ്പെട്ട പ്രധാനമന്ത്രി അങ്ങ് മൗനം വെടിഞ്ഞതില്‍ നന്ദിയുണ്ട്. നിങ്ങള്‍ പറഞ്ഞു. നമ്മുടെ കുട്ടികള്‍ക്ക് നീതി ലഭിക്കുമെന്ന്. എന്ന്, എപ്പോള്‍ ലഭിക്കുമെന്നാണ് ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അറിയാന്‍ ആഗ്രഹമുണ്ട്. രാഹുല്‍ ട്വിറ്റ് ചെയ്തു.
മുന്‍പു മോദിയുടെ മൗനത്തെ നിശിതമായി രാഹുല്‍ വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ മൗനം അംഗീകരിക്കാനാവില്ല. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്താണ് നിങ്ങള്‍ ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ പീഡകരെയും അക്രമികളെയും സംരക്ഷിക്കുന്നത്. ഇന്ത്യ കാത്തിരിക്കുന്നു. എന്നാണ് മോദിയ്‌ക്കെതിരെ രാഹുല്‍ ട്വീറ്റ് ചെയ്തത്.