ന്യൂഡല്‍ഹി: ലോധി റോഡിലുള്ള ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ബോര്‍ഡ് ജിഹാദി തീവ്രവാദി ഇസ്‌ലാമിക് സെന്റര്‍ എന്ന് മാറ്റിയെഴുതി ഹിന്ദു സേന തീവ്രവാദികള്‍. സംഭവത്തിന്റെ ഉത്തരവാദിത്തം ഹിന്ദുസേന നേതാക്കള്‍ ഏറ്റെടുത്തു. ഫ്രാന്‍സില്‍ നടക്കുന്ന ഇസ്‌ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് പേര് മാറ്റിയതെന്ന് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു.

ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ വിവരമറിയിച്ചപ്പോള്‍ തന്നെ അവിടെയെത്തി ബോര്‍ഡ് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു സേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തുഗ്ലക് ലൈന്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ അറിയിച്ചു.

നേരത്തെയും ഡല്‍ഹിയില്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ വിവിധ ബോര്‍ഡുകള്‍ പ്രകോപനപരമായി മാറ്റിയെഴുതിയിരുന്നു. ചൈനീസ് എംബസിയുടെ ബോര്‍ഡ് മാറ്റിയെഴുതാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ ബാബര്‍ റോഡിന്റെ നെയിംബോര്‍ഡ് കരി ഓയില്‍ ഒഴിച്ചു കറുപ്പിച്ചിരുന്നു.