ചണ്ഡിഗഢ്: ഇരട്ട പദവി വിവാദത്തില്‍ ഡല്‍ഹി ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാര്‍ അയോഗ്യരായതിനു പിന്നാലെ ബി.ജെ.പിയും പ്രതിക്കൂട്ടില്‍. ഹരിയാനയിലെ നാല് ബി.ജെ.പി എം.എല്‍.എമാരാണ് ഇരട്ടപ്പദവി വഹിക്കുന്നതായി ആരോപണമുയര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് ഇവരെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്.

നാല് ബി.ജെ.പി എം.എല്‍. എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന-പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ശ്യാംസിങ് റാണ, ബക്ശിക്ഷ് സിങ് വിര്‍ക്, സീമ ത്രിഖ, കമല്‍ ഗുപ്ത എന്നിവരെയാണ് 2015 ജൂലായില്‍ ഹരിയാന സര്‍ക്കാര്‍ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഈ നിയമനം കഴിഞ്ഞ വര്‍ഷം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരുടെ നിയമനം ഭരണഘടനാ വിരുദ്ധവും പ്രാബല്യമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജഗ്‌മോഹന്‍ സിങ് ഭാട്ടിയാണ് കോടതിയെ സമീപിച്ചത്.

ഇവരെ എത്രയും വേഗം അയോഗ്യരാക്കണമെന്നും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും ഭാട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സമാനമായ സംഭവം പഞ്ചാബിലും നടന്നിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരായി 18 എം.എല്‍. എമാരെ മുന്‍ സര്‍ക്കാര്‍ നിയമിച്ചത് 2016 ഓഗസ്റ്റില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരുടെ നിയമനം മന്ത്രിമാരുടെ എണ്ണം നിയന്ത്രിക്കാനുള്ള ഭരണഘടനയുടെ ഉദ്ദേശലക്ഷ്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

അതേസമയം നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തി. ഡല്‍ഹിയിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്ഥമാണ് ഹരിയാനയിലേതെന്ന് അദ്ദേഹം പറഞ്ഞു.