ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലിലേക്ക് ആരാധകരുടെ കത്തുകള്‍. ദിലീപിനെ അനുകൂലിച്ചും വിമര്‍ശിച്ചും കത്തുകളെത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നും വായിക്കാതെ ദിലീപ് ഒഴിഞ്ഞുമാറുകയാണ്.

വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന കത്തുകളില്‍ ദിലീപിന് ജാമ്യമെടുക്കാന്‍ തയ്യാറായവയും ഉണ്ട്. ദിലീപിന് രണ്ട് രജിസട്രേഡ് കത്തുകളും കിട്ടിയിട്ടുണ്ട്. ഇവ ദിലീപിനെക്കൊണ്ട് ഒപ്പിടുവിച്ച ശേഷം ജയില്‍ സൂപ്രണ്ട് സൂക്ഷിച്ചിരിക്കുകയാണ്. കത്തുകള്‍ വായിക്കാന്‍ തയ്യാറാകാത്തതിനാല്‍ അവ സൂപ്രണ്ട് സൂക്ഷിച്ചിരിക്കുകയാണ്. ദിലീപ് പുറത്തിറങ്ങുമ്പോള്‍ കത്തുകള്‍ കൊടുത്തുവിടും. ദിലീപിന്റെ മലപ്പുറത്തുകാരനായ ഒരു ആരാധകന്‍ ദിലീപിന് ജാമ്യം നില്‍ക്കാന്‍ തയ്യാറായി എത്തിയിട്ടുണ്ട്. കരമടച്ച രസീതുമായി എത്തിയ ഇയാള്‍ ദിലീപിനെ കാണാനുള്ള അനുമതിക്കായി എസ്.പി ഓഫീസിലും പോയിരുന്നു.

ദിലീപിനെ കാണാന്‍ സഹോദരന്‍ അനൂപ് ഇന്നലേയും ജയിലില്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ 15മിനിറ്റോളം കൂടിക്കാഴ്ച്ച നടത്തി. വീട്ടുകാര്‍ക്കും അഭിഭാഷകനും മാത്രമാണ് സന്ദര്‍ശനാനുമതിയുള്ളത്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ച്ച പരിഗണിക്കും.