നടി അക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപിന്റെ അറസ്റ്റും റിമാന്‍ഡും വന്‍ വാര്‍ത്തയായിരിക്കെ നടന് പിന്തുണയുമായി സിനിമാ മേഖല. കേസിനെക്കുറിച്ചുള്ള വാദകോലാഹലങ്ങളും കുറ്റാരോപിതനായ നടനെതിരെ അതിരുവിട്ട പ്രതിഷേധവും മുറുകുന്നതിനിടെയാണ് പ്രതിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ എത്തുന്നത്.

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയെല്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറഞ്ഞു.
ഫെയ്‌സ്ബുക്ക് വഴിയാണ് ആരാധകരോടും ജനങ്ങളോടും അമിതാവേശം അരുതെന്ന ഉപദേശമായി മുരളിഗോപി പ്രതികരിച്ചത്.

കയ്യടിയുടെയും കൂക്കുവിളിയുടെയും ഇടയില്‍, കരുണയുടെയും ക്രൂരതയുടെയും ഇടയില്‍ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളില്‍ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം-മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദിലീപ് അടുത്തതായി അഭിനയിക്കേണ്ടിയിരുന്ന കമ്മാരസംഭവം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് മുരളി ഗോപി. മുരളി ഗോപിയുടെ തിരക്കഥയില്‍ ആദ്യമായി ഒരുങ്ങിയ രസികന്‍ സിനിമയിലും ദിലീപായിരുന്നു നായകന്‍.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപനെതിരെ നിലപാടെടുത്ത യുവതാരം ആസിഫ് അലി മലക്കം മറിഞ്ഞു. ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന അഭിപ്രായമാണ് ആസിഫ് തിരുത്തിയത്.

ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ പറ്റാത്തത് കൊണ്ടാണെന്നും വാക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കരുതെന്നും ആസിഫ് ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ദിലീപ് അറസ്റ്റിലായ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇനി ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് ആസിഫ് അലി പറഞ്ഞത്.

ഇതിനിടെ ദിലീപ് തന്നെ തഴഞ്ഞെന്ന വാര്‍ത്ത നിഷേധിച്ചും നടന് പിന്തുണയുമായും കലാഭവന്‍ ഷാജോണും രംഗത്തെത്തി. ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ നിരവധി ആരോപണള്‍ ഉയരുന്നതിനിടെ കലാഭവന്‍ ഷാജോണെ ബന്ധപ്പെടുത്തിയും ഒരു വാര്‍ത്ത പരന്നിരുന്നു. കുഞ്ഞിക്കൂനന്‍ സിനിമയില്‍ ഷാജോണിന് വില്ലന്‍ ആവാന്‍ കിട്ടിയ ചാന്‍സ് ദിലീപ് വെട്ടിയതായായിരുന്നു വാര്‍ത്ത.

hqdefaulthqdefault-1

എന്നാല്‍ ഇതിന് പ്രതികരണവുമായി ഷാജോണ്‍ തന്നെ എത്തുകയായിരുന്നു. ‘വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്… പറയാന്‍ കാരണം, കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടന്‍ ആണെന്നൊരു വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ കുഞ്ഞിക്കൂനലില്‍ അഭിനയിക്കാന്‍ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടന്‍ ആയിരുന്നില്ല. ദിലീപേട്ടന്‍ ശശിശങ്കര്‍ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാന്‍ ആ സെറ്റില്‍ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങള്‍ വാര്‍ത്തകള്‍ ആക്കരുത്.’