കൊച്ചി: നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനക്കായി ദിലീപ് നടത്തിയ നീക്കങ്ങള്‍ അതീവജാഗ്രതയോടെ. അടുത്ത വിശ്വസ്തരെപ്പോലും അറിയിക്കാതെയായിരുന്നു നടിക്കെതിരെയുള്ള നീക്കങ്ങള്‍ ദിലീപ് ആസൂത്രണം ചെയ്തത്.

അടുത്ത സുഹൃത്തായ നാദിര്‍ഷാക്കും, മാനേജര്‍ അപ്പുണ്ണിക്കും ആക്രമണത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇരുവരും സഹായം നല്‍കിയോ എന്ന് പോലീസ് പരിശോധിക്കും. ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്ന പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് നാദിര്‍ഷായും അപ്പുണ്ണിയും സംഭവത്തില്‍ ഇടപെടുന്നതെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ നിന്നും ദിലീപിന് സുനി അയച്ചകത്തില്‍ മാഡം എന്ന് വിളിക്കുന്ന ആള്‍ ആരാണെന്ന് വ്യക്തമല്ല. മാഡത്തെ രക്ഷിക്കാനാണ് ദിലീപ് കീഴടങ്ങിയതെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിലീപ് നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.