ബെംഗളൂരു: രാഷ്ട്രീയ പകപോക്കലിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്ന ബിജെപി നിലപാടിനെ പരിഹസിച്ച് കര്‍ണാകട പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ അമ്മ. കേന്ദ്ര ഏജന്‍സികള്‍ക്ക് എന്റെ മകനെ ഇഷ്ടമാണ്; അതുകൊണ്ടാണ് അവര്‍ വീണ്ടും വീണ്ടും വീട്ടില്‍ വരുന്നതെന്ന് ഡി.കെ ശിവകുമാറിന്റെ അമ്മ ഗൗരമ്മ പറഞ്ഞു.

സിബിഐ, ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ക്ക് എന്റെ മകനെ ഇഷ്ടമാണ്. അതുകൊണ്ടാണ് അവര്‍ വീണ്ടും വീണ്ടും വീട്ടില്‍ വരുന്നത്. വീട് പരിശോധിക്കാനും ആവശ്യമുള്ളത് എടുക്കാനും അവര്‍ക്ക് അനുവാദം നല്‍കി. പക്ഷെ അവര്‍ക്കൊന്നും കിട്ടിയില്ല-ഗൗരമ്മ പറഞ്ഞു.

ഇന്ന് രാവിലെയാണ് ഡി.കെ ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മകനെതിരെ അഴിമതിയാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അത് മറികടക്കാനാണ് ഡി.കെ ശിവകുമാറിനെതിരായ പഴയ കേസുകള്‍ കുത്തിപ്പൊക്കാന്‍ ബിജെപി ശ്രമിക്കുന്നത്. റെയ്ഡ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.