കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ ആരോപണമുന്നയിച്ച തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ജനറല്‍ മെഡിസിന്‍ ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍ നജ്മ സലീം. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നജ്മ സലീം പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് നജ്മ മെഡിക്കല്‍ കോളേജിലെ വീഴ്ച്ചകളെകുറിച്ച് തുറന്നടിച്ചത്.

ഉന്നത വിദ്യാഭ്യാസത്തിന് ഇനി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന് പ്രയാസം നേരിടേണ്ടിവരുമെന്ന് അറിയാം. തുടര്‍പഠനം അവതാളത്തിലാകും. കഴിഞ്ഞ നവംബറില്‍ പി.ജിക്ക് ചേര്‍ന്നതാണ്. ഏപ്രില്‍ മുതലാണ് ശരിക്കും പഠിച്ചുതുടങ്ങിയത്. ഇപ്പോള്‍ പരീക്ഷയാണ്. മൂന്നുമാസം കഴിഞ്ഞാണ് ഫലംവരുക. സ്വാര്‍ഥയായി അഭിനയിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്നും നജ്മ പറഞ്ഞു.

കോവിഡ് ബാധിതര്‍ ചികിത്സപ്പിഴവുമൂലം മരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയശേഷം നജ്മ എന്തുകാര്യത്തിന് വിളിച്ചാലും മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഫോണ്‍ എടുക്കുന്നില്ല. തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷം ഇവരുടെ തുറന്നുപറച്ചില്‍ വന്‍ വിവാദം ഉയര്‍ത്തി. ഇനി ഡ്യൂട്ടിക്ക് കയറണമോ വേണ്ടയോ എന്നുപോലും ആരും അറിയിച്ചിട്ടില്ല. മറ്റ് ഡോക്ടര്‍മാരുടെ പിന്തുണയില്ലാതെ കളമശ്ശേരിയില്‍ തുടരാന്‍ പറ്റില്ല. സീനിയര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ് ഞങ്ങളുടെ ജോലി. അവരെ വിളിച്ചിട്ട് ഫോണ്‍പോലും അറ്റന്‍ഡ് ചെയ്യുന്നില്ല. ഡ്യൂട്ടിക്ക് കയറാനുള്ള ധൈര്യംതന്നെ കുറവാണ്. അനുവദിച്ചാല്‍ ഡ്യൂട്ടിക്ക് കയറാമെന്നാണ് തീരുമാനം. കൂടെയാരെയെങ്കിലും നിര്‍ത്തേണ്ടിവരും, ഒരു തുണക്കെന്നും നജ്മ പറഞ്ഞു.

2013ല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയതാണ് നജ്മ. കരുനാഗപ്പള്ളി തഴവ പാപ്പാന്‍കുളങ്ങര അബ്ദുല്‍സലീമിന്റെയും നിസയുടെയും മകളാണ്. കുടുംബത്തില്‍നിന്ന് ആദ്യമായി മെഡിസിന് പഠിക്കുന്നയാള്‍.വര്‍ഷങ്ങള്‍കൊണ്ട് തനിക്ക് മെഡിക്കല്‍ കോളജ് വളരെ പരിചിതമാണെന്ന് നജ്മ പറയുന്നു. ഇങ്ങനെയുള്ള അനാസ്ഥ തുടക്കംമുതല്‍ ഇവിടെ കാണുന്നുണ്ട്. അത് അന്നും അലോസരപ്പെടുത്തിയെങ്കിലും തുറന്നുപറയാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഹൈബി ഈഡന്‍ എം.പിയുടെ ലെറ്റര്‍ കണ്ടതോടെ പറയാന്‍ പറ്റാതിരുന്ന കാര്യങ്ങള്‍ പുറത്തുവരുമല്ലോ എന്ന് ആശ്വസിച്ചു. എന്നാല്‍, അധികാരികള്‍ ആ കത്ത് അവഗണിക്കാന്‍ ശ്രമിച്ചതോടെയാണ് എല്ലാം പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.