അമ്മയുടെ കണ്‍മുന്നില്‍ ആറ് വയസുക്കാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. ആറോളം തെരുവ് നായ്ക്കള്‍ ചേര്‍ന്നാണ് സഞ്ജു എന്ന ആറ് വയസുക്കാരനെ കടിച്ചു കീറി കൊന്നത്. ഭോപ്പാലിലെ അവദ്പൂരിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
വീടിന് മുന്നിലെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സഞ്ജു. പെട്ടെന്നാണ് ആറോളം തെരുവ് നായ്ക്കള്‍ സഞ്ജുവിനെ ആക്രമിക്കാനെത്തിയത്. സഞ്ജുവിന്റെ കരച്ചില്‍ കേട്ടാണ് അമ്മ വീട്ടില്‍നിന്ന് പുറത്തുവന്നത്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയായിരുന്നു.
പിന്നീട് അയല്‍ക്കാരെ വിളിച്ച് കൂട്ടുകയും മകനെ രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ നഗരസഭക്കെതിരെ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു.