കൊച്ചി: ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം ‘കുറുപ്പ്’ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ട്. വിവേക് ഹര്‍ഷന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

മലയാളത്തില്‍നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ഒ.ടി.ടി പഌറ്റാഫോം ഏതെന്നും റിലീസ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. നേരത്തെ ദുല്‍ഖര്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 40 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്.