ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പുനപരിശോധിക്കാനായി സുപ്രീം കോടതി നിയോഗിച്ച സമിതി അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ധ്രുവ് റാട്ടി. സമിതിയിടെ നാല് അംഗങ്ങളും കാര്‍ഷിക ബില്ലിനെ പരസ്യമായി പിന്തുണയ്ക്കുന്നവരാണ്. ലോകത്തിലെ മികച്ച പ്രധാനമന്ത്രിയെ കണ്ടെത്താന്‍ കങ്കണ റണൗത്ത്,അര്‍ണാബ് ഗോസാമി, രജത് ശര്‍മ, സംബിത് പത്ര എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതിന് സമാനമാണിതെന്ന് ധ്രുവ് റാട്ടി പ്രതികരിച്ചു.

നാലംഗ സമിതിക്കെതിരെ ഇതിനകം തുടരെ വിമര്‍ശനം ഉയരുന്നുണ്ട്. സമിതിയില്‍ മൂന്നുപേര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍ പറഞ്ഞു.

സമിതി അംഗങ്ങളില്‍ മൂന്നുപേര്‍ നിയമത്തെ പിന്തുണയ്ക്കുന്നവരാണ്. സമിതി അംഗങ്ങളുടെ പേരുകള്‍ സര്‍ക്കാരാണോ നിര്‍ദേശിച്ചത് എന്ന് വ്യക്തമാകണം. സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എച്ച് എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന്‍ എന്നിവരാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലുള്ളത്. കര്‍ഷക സമരം പരിഹരിക്കുന്നതിന് പ്രത്യേകം സമിതി രൂപവത്കരിക്കും എന്ന് വാദം കേള്‍ക്കവെ സുപ്രീംകോടതി അറിയിച്ചിരുന്നു. സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതില്‍ നിന്നും തങ്ങളെ തടയാന്‍ ലോകത്തൊരു ശക്തിക്കും കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.