കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. കവിളില്‍ ഉമ്മ വെയ്ക്കുന്ന ചിത്രവുമായി ദുല്‍ഖര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു, താന്‍ കണ്ടതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളയാളുമാണ് വാപ്പിച്ചിയെന്നും എന്തിനും ഏതിനും ആശ്രയിക്കാമെന്നും മകന്‍ കുറിക്കുന്നു. തന്റെ സമാധാനവും സന്തോഷവും ഏറെ പ്രിയപ്പെട്ട വാപ്പിച്ചിയാണെന്ന് ദുല്‍ഖര്‍ കുറിക്കുന്നു.

‘പിറന്നാള്‍ ആശംസകള്‍ വാപ്പിച്ചി എനിക്കറിയാവുന്നതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ ആള്‍ വാപ്പിച്ചിയാണ്. എന്തിനും എനിക്ക് ആശ്രയിക്കാവുന്ന, എന്നെ കേട്ടിരുന്ന് ശാന്തനാക്കുന്നയാളാണ്. എന്റെ സമാധാനവും സന്തോഷവുമെല്ലാം. വാപ്പിച്ചിയുടെ നിലവാരത്തിലേക്ക്, പ്രതീക്ഷയിലേക്ക് ഉയര്‍ന്ന് ജീവിക്കാനാണ് ഓരോ ദിവസവും ഞാന്‍ ശ്രമിക്കുന്നത്. നമുക്കെല്ലാം ഈ സമയത്ത് ഒന്നിച്ചിരിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ആഹ്ലാദം. മറിയത്തിനൊപ്പം വാപ്പിച്ചിയെ കാണുന്നത് പോലെ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുമില്ല. ഹാപ്പി ഹാപ്പി ബര്‍ത്ത്‌ഡേ വാപ്പിച്ചി. ഇങ്ങനെ കൂടുതല്‍ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. നിറയെ സ്‌നേഹം’ എന്നായിരുന്നു ദുല്‍ഖറിന്റെ കുറിപ്പ്.

ലോക്ക്ഡൗണിനിടെ പ്രായത്തെ തോല്‍ക്കുന്ന ചിത്രങ്ങളുമായി എത്തിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ തലേന്ന് തന്നെ താര രാജാവിന് പിറന്നാള്‍ ആശംസകളുമായി ഫാന്‍സുകാരുടെ സിഡിപി(കോമണ്‍ ഡിസ്പ്ല പിക്ചര്‍) സോഷ്യല്‍ മീഡിയയില്‍ ട്രെന്റായിരുന്നു. ഇന്നലെ പാതിരാത്രി പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ എത്തിയ വീഡിയോയും വൈറലായി. എല്ലാ സെപ്റ്റംബര്‍ ആറിനും മമ്മൂട്ടിയുടെ പിറന്നാള്‍ തലേന്ന്, താരം വീട്ടിലുണ്ടെങ്കില്‍ പിറന്നാള്‍ ആശംസിക്കാന്‍ അര്‍ധരാത്രി വീടിനു വെളിയില്‍ തടിച്ചുകൂടുന്ന ഒരു ആള്‍ക്കൂട്ടം പതിവാണ്. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ വീടിനു മുന്നില്‍ കോവിഡ് കാലത്തും എത്തിയ ആരാധകര്‍ക്ക് നേരെ കൈവീശി നന്ദി പറയുന്ന മമ്മൂട്ടിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെ മമ്മൂട്ടിക്ക് പെരുന്നാള്‍ മുത്തവുമായി മോഹന്‍ലാലും എത്തി. പിറന്നാള്‍ ദിനത്തില്‍ എന്റെ ഇച്ചാക്കയ്ക്ക് ആശംസകള്‍ നേരുകയാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിന്റെ അഭിമാനമായ സുവര്‍ണ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പ്രേം നസീര്‍ യുഗത്തിലെ താരങ്ങളില്‍ നിന്നും ബാറ്റണ്‍ ഏറ്റെടുത്ത് മലയാളസിനിമയെ നാലു പതിറ്റാണ്ടിലേറെയായി മുന്നോട്ട് നയിക്കുന്ന ഈ താരങ്ങള്‍ സിനിമയ്ക്ക് അപ്പുറവും ദൃഢമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ലാലിന്റെ പിറന്നാളിന് മമ്മൂട്ടിയും ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് വാചാനായിരുന്നു.