യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നട്ടെല്ലില്ലാത്ത ഭീരുക്കളെ നമ്മുടെ പോലീസ് പിടികൂടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദുല്‍ഖര്‍ പറയുന്നു.

ഇരയോടുള്ള ആദരവ് കണക്കിലെടുത്താണ് ഇന്നലെ സംഭവത്തില്‍ ഒന്നും പറയാതിരുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുമ്പോള്‍ നമുക്ക് പൂര്‍ണ്ണമായും അതിനെതിരെയുളള പ്രതികരണം നല്‍കാന്‍ കഴിയുമോന്ന് അറിയില്ല. നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീകളൊടുള്ള മാന്യമായ പെരുമാറ്റത്തിലും അവര്‍ക്കുള്ള സുരക്ഷിതത്വത്തിലും ഒരു അഭിമാനമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായിരിക്കുകയാണ്. മനോഹരമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവളാണ് നടി. അവര്‍ മകളും സഹോദരിയുമാണ്. അക്രമികളായി ഒളിഞ്ഞിരിക്കുന്നവരെ നമ്മുടെ പോലീസ്പിടികൂടണമെന്നാണ് തന്റെ ആഗ്രഹം. അതാണ് പ്രാര്‍ത്ഥനയും. സ്ത്രീകളെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും നമുക്കെല്ലാം തുല്യമായ ഉത്തരവാദിത്തങ്ങളുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

ചെറുപ്പക്കാരാവട്ടെ പ്രായമുള്ളവരാകട്ടെ എല്ലാ പുരുഷന്‍മാരും ജാഗരൂകരാവാന്‍ അഭ്യര്‍ത്ഥിക്കുകയാണ് താനുള്‍പ്പെടുന്ന സിനിമാലോകമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ഒരു സംഘം ആക്രമിച്ചത്.