കോഴിക്കോട്: ആരാധകന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സിനിമാതാരങ്ങളായ മമ്മുട്ടിയും ദുല്‍ഖര്‍ സല്‍മാനും. മട്ടന്നൂരിലുണ്ടായ വാഹനാപകടത്തില്‍ തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകന്‍ ഹര്‍ഷാദിന്റെ മരണത്തിലാണ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയത്.

സന്തോഷവും സ്‌നേഹസമ്പന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അവന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. നവമാധ്യമങ്ങളിലൂടെ ഹര്‍ഷാദ് തനിക്ക് തന്ന പിന്തുണ വിലപ്പെട്ടതായിരുന്നു, ഹര്‍ഷാദിന്റെ കുടുംബാഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. എന്നും ദുല്‍ഖര്‍ പറഞ്ഞു. ഹര്‍ഷാദിന്റെ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മമ്മുട്ടിയും ഫേസ്ബുക്കില്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും തലശ്ശേരി മമ്മുട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധിയുമായിരുന്നു ഹര്‍ഷാദ് ബൈക്ക് അപകടത്തില്‍ മരിച്ച ഹര്‍ഷാദിനെ മമ്മുട്ടി ഫാന്‍സ് അസോസിയേഷന്റെ ഐ.ഡി കാര്‍ഡില്‍ നിന്നാണ് തിരിച്ചറിഞ്ഞത്.

അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് സഫ്വാനും മരണപ്പെട്ടു. സഫ്വാന്‍ തലശ്ശേരിയിലെ കെ.പി സലീമിന്റെ മകനാണ്.