മമ്മുക്ക വിളിച്ചു സംസാരിച്ചു, ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍ എന്ന് അന്ന രാജന്‍. തന്റെ ഫാന്‍സിന്റെ രോഷപ്രകടനത്തിന് ഇരയായ നടി അന്ന രാജനെ മമ്മൂട്ടി തന്നെ ഒടുവില്‍ ഫോണില്‍ വിളിച്ചു സംസാരിച്ചു. നടിതന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാന്‍ ലൈവ് വന്നത്, ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോള്‍ എന്നും അ്ന്ന പറഞ്ഞു.

മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന ഒരു ചാനല്‍ പരിപാടിയിലെ തമാശ ചോദ്യത്തിന് ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ അന്നയ്ക്ക് നേരെ ഫാന്‍സ് കടുത്ത ആക്രമണം നടത്തി. ഫാന്‍സിനോട് മാപ്പ് ചോദിച്ച് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് മമ്മുട്ടി നടിയോട് മാപ്പ് പറയണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞിരുന്നു.  ‘തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്നാണ് വി.ടി പറഞ്ഞത്.

നടിക്ക് സമൂഹ മാധ്യമങ്ങളില്‍ പിന്തുണയേറിയിരുന്നു. ആഷിഖ് അബു, റിമ കല്ലിങ്കല്‍, തുടങ്ങി നിരവധി പേര് ഫാന്‍സുകാരുടെ ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മമ്മുക്ക വിളിച്ചു സംസാരിച്ചു… ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍.
മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാന്‍ ലൈവ് വന്നത്… ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോള്‍.

എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോള്‍ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തില്‍ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാന്‍ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തില്‍ എത്തിയതും… ഉടന്‍ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളില്‍ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി…
നിങ്ങളുടെ സ്വന്തം,
ലിച്ചി