തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്ന് വി ടി ബല്‍റാം എംഎല്‍എ. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണം. 65 വയസ്സായ പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യ – ചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്നും ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

ബല്‍റാമിന് പുറമെ പലരും ഫാന്‍സ്‌കാരുടെ സൈബര്‍ആക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് രംഗത്തെത്തി.

മമ്മുട്ടിയും ദുല്‍ഖറും ഒരുമിച്ചഭിനയിച്ചാല്‍ ആര് നായകനാകണമെന്നായിരുന്നു താരത്തിനോടുള്ള ചോദ്യം. ദുല്‍ഖര്‍ നായകനാകട്ടെ, മമ്മുട്ടി അച്ഛനായും അഭിനയിക്കട്ടെയെന്നുമായിരുന്നു അന്ന രേഷ്മയുടെ മറുപടി. ഇതിനെതിരെ മമ്മുട്ടി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. സൈബര്‍ ആക്രമണം കടുത്തപ്പോള്‍ വിശദീകരണവുമായി അന്ന രേഷ്മ തന്നെ രംഗത്തെത്തുകയായിരുന്നു. മമ്മുട്ടിയാണ് നായകനെങ്കില്‍ ദുല്‍ഖര്‍ മമ്മുട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്ന് പറഞ്ഞത് തമാശയായിട്ടായിരുന്നുവെന്ന് അന്ന വ്യക്തമാക്കി. അത് മമ്മുട്ടിയെ അപമാനിക്കാനായിരുന്നില്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവം വളച്ചൊടിക്കുകയായിരുന്നു. തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ ആളല്ലെന്നും അന്ന രേഷ്മ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണം. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യ-ചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.