ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായ ഇ. അഹമ്മദിനെ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഡല്‍ഹി ഘടകം അനുസ്മരിച്ചു. കേവലം പാര്‍ലമെന്റംഗം മാത്രമായിരുന്നപ്പോള്‍ തന്നെ അഹമ്മദിനെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള രാജ്യാന്തര വേദികളിലേക്ക് അയച്ചത് അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസ്യത ഉള്ളതുകൊണ്ടാണെന്ന് ചടങ്ങില്‍ സംസാരിച്ച ഡി. വിജയമോഹന്‍ (മലയാള മനോരമ) അഭിപ്രായപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളുമായി ഏറ്റവുമധികം ബന്ധംപുലര്‍ത്തിയ ഇന്ത്യയിലെ ഒരുരാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഈ ബന്ധം ഇന്ത്യക്കും പിന്നീട് പലവിധത്തില്‍ ഉപകാരപ്പെടുകയുണ്ടായി. ബാബരി മസ്ജിദ് തകര്‍പ്പെട്ടതിനെ തുടര്‍ന്നുള്ള പ്രത്യേകസാഹചര്യം, കേരളത്തിലെ യു.ഡി.എഫുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ മുസ്്ലിംലീഗ് എടുത്ത എല്ലാ തീരുമാനങ്ങളിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചുവെന്നും വിജയമോഹന്‍ പറഞ്ഞു.

ഇ. അഹമ്മദ് റെയില്‍വേ സഹമന്ത്രിയായിരിക്കെയാണ് കേരളത്തിലെ റെയില്‍വേ വികസനത്തില്‍ ചലനമുണ്ടായതെന്ന് എന്‍. അശോകന്‍ (മാതൃഭൂമി) അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസിനൊപ്പം തുടരണമെന്നു നിലപാടെടുത്ത അഹമ്മദിന്റെ തീരുമാനം രാഷ്ട്രീയമായി ശരിയാണെന്നു പിന്നീട് തെളിഞ്ഞതായി എ. റശീദുദ്ദീന്‍ (മീഡിയാവണ്‍) അഭിപ്രായപ്പെട്ടു.

അഡ്വ. ഹാരിസ് ബീരാന്‍, ജോര്‍ജ് കള്ളിവയല്‍ (ദീപിക), കെ. പ്രസൂണ്‍ (കേരളാ കൗമുദി), കെ.എ സലിം (തേജസ്), യു.എം മുഖ്താര്‍ (സുപ്രഭാതം), ജിനേഷ് പൂനത്ത് (മംഗളം) എന്നിവര്‍ സംസാരിച്ചു.ഡല്‍ഹിയിലെ കേരളാ ഹൗസില്‍ നടന്ന ചടങ്ങില്‍ യൂനിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശം (ഏഷ്യാനെറ്റ് ന്യൂസ്) അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എം. പ്രശാന്ത് (ദേശാഭിമാനി) സ്വാഗതവും ട്രഷറര്‍ പി.കെ മണികണ്ഠന്‍ (മാതൃഭൂമി) നന്ദിയും പറഞ്ഞു.