എ.പി താജുദ്ദീന്‍
കണ്ണൂര്‍: ചരിത്രത്തിന്റെ അടരുകളില്‍ ഇ അഹമ്മദ് ഇനി അഭിമാനകരമായ മറ്റൊരധ്യായം. അതിരുകളില്ലാതെ ജ്വലിച്ചു നിന്ന ആ ഹരിത താരകം അറബിക്കടലിന്റെ തീരത്ത് അറക്കലിന്റെയും അധിനിവേശത്തിന്റെയും ചരിത്രമുറങ്ങുന്ന ആറടി മണ്ണില്‍ അസ്തമിക്കുമ്പോള്‍ യാത്രാമൊഴിനേരാനെത്തിയ ആയിരങ്ങളുടെ മിഴികള്‍ നദികളായി. കരിപ്പൂര്‍ ഹജ്ജ് ഹൗസിലെയും കോഴിക്കോട് ലീഗ് ഹൗസിലെയും പൊതുദര്‍ശനത്തിന് ശേഷം ഭൗതീക ശരീരം ജന്മനാടായ കണ്ണൂരിലെത്തിയ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ പ്രവാഹമായിരുന്നു.
പ്രവാസത്തിന്റെ അനിശ്ചിതത്വങ്ങളിലും കലാപങ്ങളുടെ കറുത്തകാലങ്ങളിലും അഹമ്മദിന്റെ സ്‌നേഹവും സാന്ത്വനവും അനുഭവിച്ചവര്‍ രാജ്യ, സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നും ഒഴുകിയെത്തി. ആ വിശ്വപൗരന്റെ എല്ലാ വഴിത്തിരിവുകള്‍ക്കും സാക്ഷിയായ സിറ്റി ആ രാത്രി മുഴുവന്‍ ഉറങ്ങാതെ കാവലിരുന്നു. കണ്ണൂരിലെ വസതിയായ സിതാരയില്‍ നിന്ന് ഇന്നലെ രാവിലെ എട്ടോടെ പുറപ്പെട്ട വിലാപയാത്ര കോര്‍പ്പറേഷന്‍ അങ്കണത്തിലെത്തുമ്പോഴേക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നൂറുകണക്കിന് ഗ്രീന്‍ ഗാര്‍ഡ് അംഗങ്ങള്‍ പ്രയത്‌നിച്ചാണ് ജനങ്ങളെ നിയന്ത്രിച്ചത്.
തുടര്‍ന്ന് പത്തു മണിയോടെ അവിടെ നിന്ന് പുറപ്പെട്ട ജനാസ പത്തരയോടെ സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എത്തുമ്പോള്‍ അവിടെയും ജനപ്രളയം രൂപപ്പെട്ടിരുന്നു. അഹമ്മദിന്റെ എടപ്പകത്ത് തറവാടിനരികിലെ, ഓര്‍മ്മകളുടെ മുറ്റത്തെ ആ യാത്രാമൊഴി ഹൃദയഭേദകമായിരുന്നു. നിശ്ചയിച്ച സമയത്തിനും അരമണിക്കൂര്‍ വൈകി പതിനൊന്നരയോടെ ജനാസ സിറ്റി ജുമാഅത്ത് പള്ളിയിലെത്തുമ്പോള്‍ പള്ളിയും പരിസരവും ഇടവഴികളും ജനസാഗരമായി മാറിയിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂറും രണ്ട് തവണയായി നടന്ന മയ്യിത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. 12 മണിയോടെ ബ്യൂഗിളിന്റെ അകമ്പടിയോടെ ആകാശത്ത് ആചാരവെടി മുഴങ്ങി. നേതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആ മഹാപ്രഭാവന്റെ മയ്യിത്ത് ഖബറിലേക്ക് ഇറക്കിവച്ചു.
അന്ത്യയാത്രക്ക് സാക്ഷികളാവാനെത്തിയവരുടെ മൂന്നു പിടി മണ്ണിനാല്‍ സംഭവബഹുലമായ ആ ജീവിതം മണ്ണോട് ചേര്‍ന്നു. ജനുവരി 31ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ അന്ത്യം ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലായിരുന്നു.
Be the first to write a comment.