ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച്ച  പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ഓര്‍മ്മകളില്‍ തെളിയുന്നത് ഒരു വര്‍ഷം മുമ്പത്തെ, ഇരുട്ട് മാത്രം ബാക്കിനില്‍ക്കുന്ന ആ പകലിരവാണ്. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന ഇ അഹമ്മദ് എന്ന മഹാമനീഷിയുടെ വിയോഗത്തിലേക്ക് നയിച്ച ദാരുണ നിമിഷങ്ങളുടെ തുടക്കം അന്നായിരുന്നു.

2017 ജനുവരി 31. ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, ഇ അഹമ്മദ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണുവെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും മലയാളിയുടെ, മുസ്്‌ലിംലീഗ് രാഷ്ട്രീയത്തെ നെഞ്ചോടു ചേര്‍ത്തവരുടെ ഹൃദയമിടിപ്പിന് വല്ലാത്തൊരു ഭീതിയുടെ കനമുണ്ടായിരുന്നു.

ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്കാണ് അഹമ്മദിനെ നേരെ എത്തിച്ചത്. ആരോഗ്യ സ്ഥിതി സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ഒട്ടും ആശാവഹമായിരുന്നില്ല. എങ്ങും ശോകമൂകമായ അന്തരീക്ഷം. മുസ്്‌ലിംലീഗിന്റെ സമുന്നത നേതാക്കളും കേരളത്തില്‍നിന്നുള്ള എം.പിമാരും ആര്‍.എം.എല്‍ ആസ്പത്രിയില്‍ തന്നെ തമ്പടിച്ചു. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവിന്റെ നീറ്റലോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത സംഭവങ്ങളായിരുന്നു പിന്നീട് നടന്നതെല്ലാം.

ഫാസിസത്തിന്റെ കരാളഹസ്തങ്ങള്‍ ആസ്പത്രിക്കിടയിലേക്കും കടന്നുചെല്ലുന്നതിന് രാജ്യം സാക്ഷിയായി. രാജ്യം അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ, പാര്‍ലമെന്റേറിയന്റെ, ഐക്യരാഷ്ട്രസഭയില്‍ പോലും ഇന്ത്യയുടെ ശബ്ദമായി മുഴങ്ങിയ രാഷ്ട്ര തന്ത്രജ്ഞന്റെ, സര്‍വോപരി ലക്ഷക്കണക്കിന് മനുഷ്യര്‍ ഹൃദയംകൊണ്ട് വാരിപ്പുണര്‍ന്ന ഒരു ജനനായകന്റെ അന്ത്യ നിമിഷങ്ങള്‍ക്കു മേല്‍ നിഗൂഢതയുടെ കരമ്പടം പുതച്ച് ഭരണകൂടം കാവല്‍ നിന്ന ഭീതിതമായ നിമിഷങ്ങള്‍.

ഇ അഹമ്മദിന്റെ മക്കള്‍ ഉള്‍പ്പെടെ പലരും ആസ്പത്രിയില്‍ എത്തിയിട്ടും ഒരു നോക്ക് കാണാന്‍ പോലും അനുവദിക്കാതെ, ആതുര സേവനത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ച് തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ ബൗണ്‍സര്‍മാരെ കാവല്‍നിര്‍ത്തിയതുകണ്ട് വിറങ്ങലിച്ച് നിന്ന നിമിഷങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആസ്പത്രിയില്‍ നേരിട്ടെത്തി പ്രതിഷേധിച്ചിട്ടും, പിറ്റേന്ന് നടക്കേണ്ട ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്‍ ഫാസിസത്തിന്റെ എല്ലാ ഉരുക്കുമുഷ്ടികളും പ്രയോഗിക്കപ്പെട്ട മണിക്കൂറുകള്‍…, എല്ലാറ്റിനുമൊടുവില്‍ ഫെബ്രുവരി ഒന്നിന്റെ പുലര്‍ച്ചെയോടെ ഗത്യന്തരമില്ലാതെ മരണ വാര്‍ത്ത സ്ഥിരീകരിക്കുമ്പോഴേക്കും തുല്യതയില്ലാത്ത വേദനയാണ് ഒരു ജനതക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.