അടുത്തിടെയാണ് ഹരിയാനയില്‍നിന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ തംരഗമായത്. ഒരു ശിശുരോഗവിദഗ്ധന്‍ കാലിത്തൊഴുത്തില്‍ചെന്ന് ചാണകം തിന്നുന്നതായിരുന്നു അത്. ചാണകം ഔഷധമാണെന്നും മന:ശാന്തിക്കും സുഖപ്രസവത്തിനും പര്യാപ്തമാണെന്നുമൊക്കെ ഡോ. മനോജ് മിത്തല്‍ തട്ടിവിടുന്നതുകണ്ട് ഇരുപത്തൊന്നാംനൂറ്റാണ്ടിലെ തലമുറ വാപൊളിച്ചുനിന്നു. പലരും ട്വിറ്ററിനുതാഴെ അതിലെ അശാസ്ത്രീയതയെയും അന്ധവിശ്വാസത്തെയും കുറിച്ചൊക്കെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. പശു വിശുദ്ധമൃഗമാണെന്നും അതിന്റെ മാസം ഭക്ഷിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും പറഞ്ഞുകൊണ്ട് ഉത്തരേന്ത്യയില്‍ നിരവധി മുസ്‌ലിംകളെയും ദലിതുകളെയും തല്ലിക്കൊന്നതും മര്‍ദിച്ച് മൃതപ്രായരാക്കിയതുമെല്ലാം മോദികാലഇന്ത്യയിലെ വസ്തുതകള്‍മാത്രമാണ്. മുസ്‌ലിംകള്‍ ‘ലൗജിഹാദ്’ നടത്തി ഇതരമതസ്ഥരെ ഇസ്്‌ലാമിലേക്ക് ചേര്‍ക്കുന്നു, മുസ്‌ലിംകളുടെ മതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വര്‍ഗീയതയും ഇതരമതവിദ്വേഷവുമാണ് പഠിപ്പിക്കുന്നത്, അവരിലെ സ്ത്രീകളുടെ വസ്ത്രധാരണരീതി അപരിഷ്‌കൃതമാണ്, ഇന്ത്യന്‍മുസ്‌ലിംകള്‍ പാകിസ്താന്‍വാദികളും തീവ്രവാദികളുമാണ്, അവര്‍ ഒറ്റയടിക്ക് ഭാര്യമാരെ വിവാഹമോചനം ചെയ്യുന്നു തുടങ്ങി അവിശ്വസനീയമായതും കേട്ടാലറയ്ക്കുന്നതുമായ കുപ്രചാരണങ്ങളാണ് സംഘപരിവാരം ഏറെക്കാലമായി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ബാബരിമസ്ജിദ് തകര്‍ത്തതുള്‍പ്പെടെ മുസ്‌ലിംകളുടെ ആരാധനാലയങ്ങളുടെമേലും ഇക്കൂട്ടര്‍ നിരന്തരം കൈയ്യേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാംപിറകില്‍ കേവലം മതാന്ധത വിതച്ച് അധികാരം കയ്യാളുക എന്നതിലപ്പുറം യാതൊരുവിധത്തിലുള്ള വിശ്വാസസംഹിതയുടെ പിന്‍ബലമോ ശാസ്ത്രീയമായ തെളിവുകളോ ഇല്ലെന്ന് രാജ്യത്തെ അന്വേഷണഏജന്‍സികളൊക്കെ ഇതിനകം വ്യക്തമാക്കിയതാണ്. എന്നാല്‍ ഹൈന്ദവഏകീകരണത്തിലൂടെ അധികാരാരോഹണമാണെന്ന ഒരൊറ്റ അജണ്ടയിലൂടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണിപ്പോഴും സംഘപരിവാരവും അതിന്റെ അധികാരരൂപമായ ബി.ജെ.പിയും. ഇതിനിടെയാണ് കേരളത്തില്‍ ഏതാനുംദിവസമായി മുസ്‌ലിംകളുടെ ‘ഹലാല്‍’ ഭക്ഷണരീതിയിലേക്കും ഹോട്ടലുകളിലേക്കുംകൂടി ഇത്തരക്കാരുടെ കഴുകക്കണ്ണെത്തിയിരിക്കുന്നത്.

കാസര്‍കോട്ടെ മുസ്‌ലിംപള്ളിയുമായി ബന്ധപ്പെട്ട അന്നദാനത്തിനിടെനടന്ന ഒരാചാരമാണ് ബി.ജെ.പിയെ ഇത്തരത്തില്‍ വീണ്ടുമൊരു അടിസ്ഥാനരഹിതമായ വര്‍ഗീയപ്രചാരണത്തിലേക്ക് വലിച്ചിഴച്ചത്. ഭക്ഷണം വിതരണം ചെയ്യുംമുമ്പ് ഭക്ഷണം അല്‍പമെടുത്ത് അതില്‍ ഊതുന്നതാണ് വീഡിയോയിലുള്ളത്. ഇത് സ്വന്തം സമൂഹമാധ്യമഅക്കൗണ്ടിലൂടെ പുറത്തെടുത്തിട്ട് മുസ്‌ലിംകള്‍ ഭക്ഷണത്തില്‍ തുപ്പുകയാണെന്നും ഹോട്ടലുകളിലെ ഹലാല്‍ ഭക്ഷണം ഇത്തരത്തിലുളളതാണെന്നുമൊക്കെയാണ് ബി.ജെ.പിയുടെ സംസ്ഥാനാധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പോസ്റ്റ്‌ചെയ്തത്. ഇക്കാര്യം ഏറ്റെടുക്കാന്‍ ഏതാനും വര്‍ഗീയവാദികളായ ക്രിസ്തീയവിഭാഗത്തില്‍പെട്ടവരും കൂടിയെത്തിയതോടെ വിഷയം അനഭിലഷണീയമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു. ലോകത്ത് പലയിടത്തുനിന്നുമായി ഭക്ഷണത്തില്‍ തുപ്പുന്ന ചിത്രങ്ങളും വീഡിയോകളും അനുബന്ധമായി പ്രത്യക്ഷപ്പെട്ടു. ശബരിമലയിലെ ശര്‍ക്കരയിലും പപ്പടത്തിലുംവരെ ഇതെത്തി. ഗള്‍ഫിലേക്ക് കയറ്റിയയക്കാനായി പാക്ക്‌ചെയ്ത പ്രസാദമായ ശര്‍ക്കരയിലും റേഷന്‍കടയിലെ പപ്പടത്തിലുമൊക്കെ ഹലാല്‍സ്റ്റിക്കറുള്ളത് തുപ്പലുള്ളതായാണ് വര്‍ഗീയപ്പരിഷകള്‍ ദുര്‍വ്യാഖ്യാനിച്ചത്.

ഇതുപോലെ സകലവിധ തറവേലകള്‍ കളിച്ചിട്ടും കാലങ്ങളായി ഒരുതവണയൊഴികെ കേരളത്തിലെ ഒരൊറ്റനിയമസഭാസീറ്റുപോലും ലഭിക്കാനാകാതെ രാജ്യത്തെ മതേതരജനതക്കുമുന്നില്‍ ഇളിഭ്യരായിരിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ ഇതിലപ്പുറം ചെയ്യുന്നതിലെന്താണ് തെറ്റെന്ന് ചോദ്യമുയരാമെങ്കിലും, ഇതെല്ലാം നിസംഗതയോടെ കണ്ടുകൊണ്ട് സംസ്ഥാനത്ത് ഒരുഭരണകൂടമുണ്ടല്ലോ എന്നചോദ്യമാണ് നമ്മെയെല്ലാം അതിലേറെ ഞെട്ടിക്കുന്നത്. രണ്ടുമാസംമുമ്പ് സമാനരീതിയില്‍ കേരളത്തില്‍ ‘നര്‍ക്കോട്ടിക് ജിഹാദു’ ണ്ടെന്ന് പ്രസ്താവന നടത്തിയ പാലാബിഷപ്പിന് ഇതുവരെയും അത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പതിനഞ്ചാംദിവസമാണ് സംസ്ഥാനആഭ്യന്തരവകുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയന്‍ ഇതിനെ തള്ളിപ്പറയാന്‍ തയ്യാറായത്. അതിനകം വിഷലിപ്തപ്രചാരണം കേരളത്തിന്റെ മതേതരഭൂമികയെ മൊത്തത്തില്‍ വഷളാക്കിയിരുന്നു. ആശങ്കപ്പെട്ടതുപോലെ ഹലാല്‍വിഷയത്തിലും മുഖ്യമന്ത്രിയും സര്‍ക്കാറും കമാന്നൊരക്ഷരം ഉരിയാടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കോഴിക്കോട്ട് തുപ്പലില്ലാത്ത ഹോട്ടലെന്ന രീതിയില്‍ സംഘപരിവാരം പട്ടികപുറത്തിറക്കിയ ഹോട്ടലില്‍കയറി ഭക്ഷിക്കുന്നതിന്റെ ചിത്രമിടാന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാനേതാവ് തയ്യാറായത് അതിലുമേറെ പരിഹാസ്യവും വേദനാജനകവുമായി. എന്നെ കണ്ടാല്‍ വര്‍ഗീയവാദിയാണെന്ന് തോന്നുന്നുണ്ടോ എന്നതോന്നലാണ് ആ ചിത്രം സാമാന്യജനത്തിലുളവാക്കിയത്.