കേരളത്തിന്റെ സാമൂഹിക പരിതസ്ഥിതിയില്‍ പേടിപ്പെടുത്തുന്ന പരിണാമങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചക്രഗതിക്കനുസരിച്ച് കേരളത്തിലും സംഘ്പരിവാര്‍ ചുവടുവെപ്പുകള്‍ സജീവമായെങ്കിലും ഇന്ന് അത് വളര്‍ച്ചയുടെ മൂര്‍ധന്യതയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മരിച്ചു മണ്ണായി കിടന്നിരുന്ന ബി.ജെ.പിയും ആര്‍.എസ്.എസും പിടഞ്ഞെണീറ്റു ഉഗ്രവിഷം ചീറ്റുന്ന ഭീതിതമായ അവസ്ഥയാണിപ്പോള്‍. അമിത്ഷായുടെ ‘പൊളിറ്റിക്കല്‍ സ്ട്രാറ്റജി’യേക്കാളുപരി പിണറായി സര്‍ക്കാറിന്റെ ‘പൊളിറ്റിക്കല്‍ ബ്ലണ്ട’റാണ് കേരളത്തില്‍ സംഘ്പരിവാറിന് പുതുജീവന്‍ നല്‍കിയതെന്ന് വ്യക്തം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാറിന്റെ നിഗൂഢ നിലപാടും വനിതാമതിലിന്റെ പേരില്‍ പണിതുയര്‍ത്തിയ വര്‍ഗീയ മതിലും ഫാസിസത്തിന്റെ വളര്‍ച്ചക്ക് തെല്ലൊന്നുമല്ല വേഗത വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ ആര്‍.എസ്.എസിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് ഭരണകൂട വൈകല്യത്തിന്റെ നേര്‍ചിത്രമായിരുന്നു. ഫാസിസത്തെ പ്രതിരോധിക്കുന്നുവെന്നു വീമ്പുപറയുന്നവര്‍തന്നെ വര്‍ഗീയതയെ പാലൂട്ടുന്ന വിരോധാഭാസമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ തിണ്ണമിടുക്കുകൊണ്ട് സംഘ്പരിവാറിനെ തടഞ്ഞുനിര്‍ത്താമെന്നു കരുതിയ കമ്യൂണിസ്റ്റുകളുടെ ഭരണത്തണലിലാണ് ഫാസിസം വളര്‍ന്നു പന്തലിക്കുന്നത്. വര്‍ഗീയതക്ക് വളമിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് കരുത്തുറ്റ പിന്‍ബലമാണ് ആഭ്യന്തര വകുപ്പ് നല്‍കിക്കൊണ്ടിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള മോദി ഭക്തനായ ഡി.ജി.പിയെ പേറിക്കൊണ്ടിരിക്കുന്ന കാലത്തോളം ഈ മാര്‍ക്‌സിസം-ഫാസിസം ഭായി ഭായി കളി കേരളം കണ്ടുകൊണ്ടേയിരിക്കും.
2025 ആകുമ്പോഴേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന ദൃഢ നിശ്ചയത്തിലാണ് സംഘ്പരിവാര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാകട്ടെ ഈ അജണ്ട നടപ്പാക്കാനുള്ള പാകത്തില്‍ സംഘ്പരിവാറിന് തട്ടകമൊരുക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനാധപത്യ- മതേതര സങ്കല്‍പങ്ങളെ തകര്‍ക്കാനുള്ള പരസ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന ഫാസിസവും ഭരണകൂടവും. ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ-സ്വത്വ പോരാട്ടങ്ങളത്രയും. ശബരിമല വിഷയം ഇതിനിടെ സംഘ്പരിവാറിന് ലഭിച്ച നിര്‍ണായക പിടിവള്ളിയാണ്. സാമാന്യം സഹവര്‍ത്തിത്വ മനോഭാവമുള്ള കേരളത്തിലെ ഹൈന്ദവ വിശ്വാസികളില്‍ വര്‍ഗീയ വിഷം കുത്തിയിറക്കാന്‍ ഇതിനെ ആയുധമാക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും. ഇത് താത്വികമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനുപകരം സര്‍ക്കാര്‍ അവിവേകം കാണിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. കമ്യൂണിസ്റ്റ് ഹിന്ദുക്കള്‍ പോലും ഇക്കാര്യത്തില്‍ ബി.ജെ.പി പാളയത്തില്‍ അഭയം പ്രാപിക്കുന്ന ഗതികേടിലേക്ക് കാര്യങ്ങളെത്തി. ‘ഒരു കമ്യൂണിണിസ്റ്റ് ഹിന്ദുവിന്റെ വേദനയാണിത്’ എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പരന്നൊഴുകുന്ന പ്രതിഷേധങ്ങളിലത്രയും ‘കമ്യൂണല്‍ ഹിന്ദുത്വ’ത്തിന്റെ എരിവും പുളിയുമുണ്ട്. അനതിവിദൂരമല്ലാത്ത ഭാവിയുടെ അപകടകരമായ അവസ്ഥയാണ് ഇത് അടയാളപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആര്‍.എസ്.എസ് ശാഖകളുടെ എണ്ണം വര്‍ധിച്ച സാഹചര്യം ചേര്‍ത്തുവായിക്കേണ്ടതാണ്.
രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനകം ആര്‍.എസ്.എസ് ശാഖകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി ഇതിനെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. മുന്‍ വര്‍ഷത്തേക്കാള്‍ 56 മണ്ഡലങ്ങളിലാണ് ഇപ്പോള്‍ ആര്‍.എസ്.എസിന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനായത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതുമുതല്‍ ഫാസിസം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുതാപരമായ യാഥാര്‍ത്ഥ്യം. 3000 സ്ഥലങ്ങളിലായി 4,105 ശാഖകളും 2740 പ്രതിവാര പ്രവര്‍ത്തനങ്ങളുമടക്കം 6,845 കേന്ദ്രങ്ങളിലാണ് കേരളത്തില്‍ ഇപ്പോള്‍ ആര്‍.എസ്.എസ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് ആറുമാസം മുമ്പ് അവകാശപ്പെട്ടിരുന്നു. 2552 ഗ്രാമങ്ങളില്‍ ആര്‍.എസ്.എസ് സേവന സന്നദ്ധരായുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തന സൗകര്യത്തിനായി പഞ്ചായത്തുകളെ 1503 മണ്ഡലങ്ങളായാണ് ഇവര്‍ കണക്കാക്കുന്നത്. ഇതില്‍ 1426 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നതായും ആര്‍.എസ്.എസ് അവകാശപ്പെടുന്നുണ്ട്. ജോയിന് ആര്‍.എസ്.എസ് എന്ന ഓണ്‍ലൈന്‍ കാമ്പയിനിലൂടെ കൂടുതല്‍ യുവാക്കള്‍ ആര്‍.എസ്.എസില്‍ അംഗത്വമെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശ്രീനാരായണ ഗുരു ജയന്തി-സമാധി ദിനാചരണവുമെല്ലാം പാര്‍ട്ടി പരിപാടികളാക്കി ഏറ്റെടുത്തും ബീഫ് ഫെസ്റ്റിവലും വര്‍ഗീയ വിരുദ്ധ കാമ്പയിനുകളും വെട്ടിനു വെട്ടും കുത്തിനു കുത്തുമായി പ്രതിരോധം തീര്‍ക്കുന്ന സ്ഥലങ്ങളില്‍തന്നെയാണ് ആര്‍.എസ്.എസ് ഇത്രമേല്‍ വളര്‍ച്ച പ്രാപിച്ചിട്ടുള്ളതും. ഇതിന്റെ രസതന്ത്രം എന്താണെന്ന് മനസിലാക്കാന്‍ കേരള ജനതക്ക് കൂടുതല്‍ ഗവേഷണം നടത്തേണ്ട ആവശ്യമുണ്ടാകില്ല. അത്രമാത്രം ആര്‍.എസ്.എസ്-സി.പി.എം അവിശുദ്ധ ബാന്ധവം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ദേശീയ തലത്തില്‍ തന്നെ ഇതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. കഴിഞ്ഞ ഹര്‍ത്താല്‍ ദിനം കേരളത്തിലെ സി.പി.എമ്മും ആര്‍.എസ്.എസും പരസ്പരം പൊതിരെ തല്ലുന്ന നേരത്തുതന്നെയാണ് രാജസ്ഥാനില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ രണ്ട് സി.പി.എം എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന വാര്‍ത്ത പരന്നത്. കേരളത്തിലെ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ സി.പി.എം സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലെ ‘ശ്രീരാമകൃഷ്ണ’നെ ബഹുമാനിച്ചതിന്റെ പ്രത്യുപകാരം പരദേശം മുഴുവന്‍ പരകായ പ്രവേശമാകുന്നതിന്റെ പൊരുളായിരിക്കുമത്.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വളര്‍ച്ച ചെറുക്കാന്‍ എന്തു പ്രായോഗിക നടപടിയാണ് സി.പി.എം ഇതുവരെ ചെയ്തിട്ടുള്ളത്? ‘ആര്‍.എസ്.എസിന്റെ ഊരിപ്പിടിച്ച വാളിനും വടിവാളുകള്‍ക്കും മധ്യേ നടന്നിട്ടുണ്ട്’ എന്ന വീരവാദങ്ങളില്‍ ഒതുങ്ങുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ ‘പോരാട്ടവീര്യം’. അധികാരത്തിന്റെ മൂക്കിനു താഴെ ഉറഞ്ഞുതുള്ളുന്ന ആര്‍.എസ്.എസിനെ അടക്കിനിര്‍ത്താന്‍ സര്‍ക്കാറിനു ത്രാണിയില്ല. സി.പി.എമ്മുകാരെ വെട്ടിയ കേസിലെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രതികള്‍ പട്ടാപ്പകല്‍ നാട്ടിലിറങ്ങി വിലസുകയാണ്. ഒരു പെറ്റിക്കേസെടുത്ത് പേടിപ്പിക്കാന്‍ പോലും പിണറായി സര്‍ക്കാറിന് സാധിച്ചിട്ടില്ല. കായികമായ പ്രതിരോധം ചിലയിടങ്ങളില്‍ പരീക്ഷിക്കുന്നു എന്നതല്ലാതെ ബൗദ്ധികതലത്തിലുള്ള ചെറുത്തുനില്‍പില്‍ സി.പി.എം പ്രത്യയശാസ്ത്രം ബലഹീനമായിക്കഴിഞ്ഞു. ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ ഊഷരഭൂമിയില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും വിത്ത് പാകുകയാണ് സി.പി.എം ചെയ്തുകൊണ്ടിരിക്കുന്നത്. ചെങ്കൊടി വലിച്ചെറിഞ്ഞു കാവിക്കൊടിക്കു കീഴില്‍ ഒന്നായണിനിരക്കുന്ന ‘സംഘിസഖാക്കളെ’ കാണുമ്പോള്‍ തെല്ലൊന്നുമല്ല കേരളം പേടിക്കുന്നത്. ഉത്ബുദ്ധ ജനത ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.