ജവാഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ പയറ്റിയവരൊക്കെ നക്‌സലൈറ്റുകളോ ഉദാര മാര്‍ക്‌സിസ്റ്റുകാരെങ്കിലുമോ ആകുമെന്നാണ് വെപ്പ്. ഇന്ത്യയുടെ ആദ്യ വനിതാ മുഴു പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ ജെ.എന്‍.യു സന്തതിയാണ്. അവിടെ സ്വതന്ത്ര ചിന്തയുടെ വക്താവായ അയ്യങ്കാര്‍ ബ്രാഹ്മണയായ നിര്‍മല പ്രണയിച്ചത് ഹൈദ്രബാദിലെ ലക്ഷണമൊത്ത ബ്രാഹ്മണനെ. പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല, ജാതിയുമുണ്ടായിരുന്നു-ഇപ്പോള്‍ ആന്ധ്ര സര്‍ക്കാറിന്റെ കമ്മ്യൂണിക്കേഷന്‍ ഉപദേശകനായി ക്യാബിനറ്റ് റാങ്ക് അലങ്കരിക്കുന്ന പറകാല പ്രഭാകറായിരുന്നു നായകന്‍. നിര്‍മലാ സീതാരാമന്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിയെ മരുന്നിന് പോലും ജെ.എന്‍.യുവില്‍ കിട്ടാനില്ലാതിരുന്നിട്ടും ഇവര്‍ ദേശീയ വാദി തന്നെയായി മാറി. പുതിയ പ്രതിരോധ മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ ട്വിറ്ററില്‍ വന്ന പ്രതികരണങ്ങളിലൊന്ന്, ജെ.എന്‍.യുവിലെ സകലരും ദേശ വിരുദ്ധരാണെന്നിരിക്കെ ഒരാളെങ്ങിനെ കട്ട ദേശീയവാദിയായി എന്നായിരുന്നു.
മന്ത്രിസഭയിലെ രണ്ടാം പദവി പ്രതിരോധത്തിന് ലഭിക്കാറുണ്ട്. ഗോവ പിടിക്കാന്‍ പരീക്കര്‍ പ്രതിരോധം വിട്ടപ്പോള്‍ മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടുകൂടിയാണ് ജെയ്റ്റ്‌ലി വകുപ്പ് കൈവശം വെച്ചത്. ധനവകുപ്പിലെ സഹമന്ത്രിയായിരുന്ന നിര്‍മലക്ക് സ്ഥാനക്കയറ്റം കൊടുക്കുമ്പോള്‍ അത് തീര്‍ത്തും നിര്‍മലമായാണെന്ന് പറയാന്‍ വയ്യ. പരിണത പ്രജ്ഞയായ സുഷമ സ്വരാജ് അവിടെയുണ്ട്. അവരാണെങ്കില്‍ നിര്‍മലയുമായി ചെറിയ രീതിയിലാണെങ്കിലും ഒന്ന് കൊമ്പ് കോര്‍ത്തതാണ്. ട്വിറ്ററിലൂടെയായിരുന്നു ഈ ശ്രദ്ധേയ പെണ്‍ പോര്. തെലങ്കാന രൂപവത്കരണത്തെ പറ്റി അന്നു പാര്‍ട്ടി ദേശീയ വക്താവായിരുന്ന നിര്‍മലയുടെ ട്വീറ്റിനെ പരസ്യമായി വിമര്‍ശിക്കേണ്ടിവന്നു ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ സുഷമക്ക്. 2003ല്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗമായ നിര്‍മലക്ക് ബി.ജെ.പി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വഴി കാട്ടിയത് സുഷമ തന്നെ. ഇപ്പോള്‍ സുഷമക്ക് അല്പം മുകളില്‍ പ്രതിരോധ വകുപ്പില്‍ ക്യാബിനറ്റ് റാങ്ക് മോദി നല്‍കിയിരിക്കുന്നു. നിര്‍മല സീതാരാമന്‍ എന്ന പാര്‍ട്ടി വക്താവിനെ മോദിക്ക് വിട്ടു കളയാനാവില്ല. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ പ്രയാണത്തില്‍ അന്നത്തെ വക്താവിന്റെ ചുമതലക്കപ്പുറമുള്ള ആവേശം നിര്‍മല പ്രകടിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് പ്രതിരോധം ഏറ്റവും വലിയ ആയുധപ്പുരയാണ്. പാകിസ്താനും ചൈനയും അതിര്‍ത്തികളിലുള്ളപ്പോള്‍ ഏത് സമയവും ദേശീയ സുരക്ഷ ഒരു വിഷയമാക്കി എടുക്കാം. ആക്രമണോത്സുക രാജ്യ സ്‌നേഹത്തെ വോട്ടാക്കി മാറ്റാനുള്ള പണിയും അറിയാം. രാജ്യത്തിനകത്തെ കാര്യങ്ങള്‍ എപ്പോഴൊക്കെ അപകടകരമാണെന്ന് തോന്നുന്നുവോ അപ്പോഴൊക്കെ എടുത്തു പയറ്റാവുന്ന സംഗതിയാണീ രാജ്യ പ്രതിരോധം. അവിടെ ചൊല്ലുവിളിക്കാരുണ്ടാകുന്നതാണെപ്പോഴും നല്ലതല്ലോ. മനുസ്മൃതിയില്‍ അഭിമാനപുളകിയതയായ വനിതയെങ്കില്‍ കെങ്കേമമായി.
നിര്‍മലയുടെ അമ്മായിഅപ്പന്‍ സ്വയമ്പന്‍ കോണ്‍ഗ്രസുകാരനായിരുന്നു- ശേഷാവതാരം. അദ്ദേഹം 1970ല്‍ ആന്ധ്രയിലെ സര്‍ക്കാറില്‍ മന്ത്രിയും അമ്മായിയമ്മ എം.എല്‍.എയും. ഭര്‍ത്താവ് പ്രഭാകറാവട്ടെ ലണ്ടനിലെ ഉദ്യോഗം മതിയാക്കി നാട്ടിലെത്തി നോക്കുമ്പോള്‍ ആന്ധ്രയില്‍ ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടിയുമായി കരുത്ത് തെളിയിക്കാന്‍ ശ്രമിക്കുന്ന കാലം. ജെ.എന്‍.യുവിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പഠിച്ച പ്രഭാകര്‍ പിന്നൊന്നും നോക്കീല. പ്രജാപാര്‍ട്ടിയുടെ നേതാവും വക്താവുമായി. ഇക്കണോമി പാര്‍ട്ടി ബി.ജെ.പിയാണെന്ന് ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവന്നീല. എന്നാല്‍ ഭര്‍ത്താവിനേക്കാള്‍ തിളങ്ങിയത് നിര്‍മലയാണ്. ഹൈദ്രബാദ് വഴി ഡല്‍ഹിയിലേക്ക്. 2008ലാണ് ബി.ജെ.പിയിലെത്തുന്നത്. 2010ല്‍ ബി.ജെ.പിയുടെ ദേശീയ വക്താക്കളില്‍ ഒരാളായി. അധികാരം പിടിക്കാന്‍ ബി.ജെ.പി സകല അടവുകളും ഒന്നിച്ചു പയറ്റുന്ന കാലമായിരുന്നു, നിതിന്‍ ഗഡ്കരി അഖിലേന്ത്യാ പ്രസിഡന്റായ ആ കാലം. 2014ല്‍ മോദി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോല്‍ നിര്‍മല സീതാരാമന്റെ സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദം ഉപകാരപ്പെട്ടു. ധനവകുപ്പില്‍ സ്വതന്ത്ര ചുമതല കിട്ടി. ആന്ധ്രയില്‍ നിന്നായിരുന്നു ആദ്യത്തെ രാജ്യസഭാപ്രവേശം. ഉപതെരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ്.
തിരുച്ചിറപള്ളിക്കടുത്ത മുസിരിയിലാണ് 1959 ആഗസ്റ്റ് 18ന് നിര്‍മലയുടെ ജനനം. അച്ഛന്‍ റെയില്‍വേയിലായിരുന്നു. വിവാഹിതയായ ശേഷമാണ് ഡോക്ടറേറ്റ് ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രബന്ധം പാതി വഴിയിലിട്ട് ലണ്ടനിലേക്ക് പോകേണ്ടിവന്ന നിര്‍മല അവിടെ സെയില്‍സ് ഗേളായി ജോലി നോക്കി. പ്രൈസ് വാട്ടേഴ്‌സിലും ബി.ബി.സിയിലും പ്രവര്‍ത്തിച്ചു. ഭര്‍ത്താവിനെ അനുഗമിച്ച് ലണ്ടനിലെത്തിയ നിര്‍മല ഏക മകളെ പ്രസവിക്കാന്‍ സ്വന്തം നഗരമായ മദിരാശിയിലുണ്ടായിരുന്നപ്പോഴാണ് രാജീവ്ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ കലിയുടെ ഇരയായത്. പിന്നെ ഹൈദ്രബാദിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസിന്റെ ഡെപ്യൂട്ടി ഡയരക്ടറുമൊക്കെയായി ഇവിടെ വേരുറപ്പിക്കുകയായിരുന്നു.
പ്രതിരോധം കൈകാര്യം ചെയ്ത ആദ്യ വനിത ഇന്ദിര ഗാന്ധിയാണ്. അവര്‍ പക്ഷെ പ്രധാനമന്ത്രി കൂടിയായിരുന്നു. നിര്‍മല അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകുക കൂടി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ആയുധത്തിന്റേതാണ്. സംഘര്‍ഷങ്ങളും ആയുധക്കച്ചവടവും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നു. ഓരോ രാജ്യത്തെയും വിമതരെ സായുധരാക്കുന്ന കമ്പനികള്‍ തന്നെയാണ് ഔദ്യോഗിക സൈന്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും പ്രായോജകര്‍ ആയുധക്കച്ചവടക്കാരാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റിന് ആ സ്ഥാനം നഷ്ടപ്പെടുത്തിയത് ആയുധക്ക്ച്ചവടമായിരുന്നല്ലോ. പ്രതിരോധത്തിലെ ‘ധ’ ധനത്തിന്റെ ‘ധ’ തന്നെ. ഏത് സീതാരാമന്‍മാര്‍ക്കും പാതിവ്രത്യം നഷ്ടപ്പെടുന്ന മേഖലയില്‍ നിര്‍മലയായിരിക്കുക എളുപ്പമല്ല. അല്ല അതൊക്കെ അമിത്ഷായും മോദിയും നോക്കിക്കോളുമല്ലോ.