ജെല്ലിക്കെട്ട് വിപ്ലവത്തിന്റെ തീയും പുകയും കെട്ടടങ്ങും മുമ്പെയാണ് എ.ഐ.എ.ഡി.എം.കെയില്‍ ആഭ്യന്തര വഴക്കിന്റെ രാഷ്ട്രീയ ജെല്ലിക്കെട്ടിന് കളമൊരുങ്ങിയത്. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭരണ പ്രതിസന്ധിയായി അത് തമിഴ് രാഷ്ട്രീയത്തെ വലിഞ്ഞുമുറുക്കിത്തുടങ്ങിയിട്ടും തീരുമാനമെടുക്കുന്നത് ഗവര്‍ണര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്. ജയലളിതയുടെ ആസ്പത്രി വാസം, മരണം, മരണാനന്തര രാഷ്ട്രീയ നീക്കങ്ങള്‍, എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ശശികലയുടെ വരവ്, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം, ഒ പന്നീര്‍ശെല്‍വത്തിന്റെ രാജി, ഏറ്റവും ഒടുവില്‍ മറീനാ ബീച്ചിലെ ജയലളിതയുടെ സ്മൃതികൂടീരത്തില്‍നിന്ന് ഒരു രാത്രിയില്‍ കാവല്‍ മുഖ്യമന്ത്രി പദത്തിന്റെ ബലത്തില്‍ പന്നീര്‍ശെല്‍വം തുടക്കമിട്ട അപ്രതീക്ഷിത രാഷ്ട്രീയ വിപ്ലവം തുടങ്ങി ഏറെ ദുരൂഹതകളും സങ്കീര്‍ണതകളും കെട്ടുപിണഞ്ഞുകിടക്കുന്നതാണ് ഇന്ന് തമിഴ് രാഷ്ട്രീയം. ജയലളിതയുടെ മരണത്തിനു മുമ്പേതന്നെ തോഴി വി.കെ ശശികലക്കെതിരായ കരുനീക്കത്തിന് പാര്‍ട്ടി രാജ്യസഭാംഗം കൂടിയായ ശശികല പുഷ്പ തുടക്കമിട്ടിരുന്നെങ്കിലും അതൊരു ഒറ്റപ്പെട്ട ശബ്ദം മാത്രമായി ഒതുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ ജയലളിതയുടെ വിശ്വസ്തനെന്ന് പേരെടുത്ത, രണ്ടുതവണ മുഖ്യമന്ത്രി പദത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോഴും പകരക്കാരനായി ജയലളിത കണ്ടെത്തിയ പന്നീര്‍ശെല്‍വത്തിന്റെ രംഗപ്രവേശം പ്രവചനാതീതമായൊരു ക്ലൈമാക്‌സ് ത്രില്ലറിലേക്കാണ് തമിഴ് രാഷ്ട്രീയത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. എ.ഐ.എ.ഡി.എം.കെയിലെ ആഭ്യന്തര പ്രശ്‌നം എന്ന നിലയില്‍ ചുരുക്കിക്കെട്ടാന്‍ കഴിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധിയായി അത് രൂപംപ്രാപിച്ചിരിക്കുന്നു. മാത്രമല്ല, പാര്‍ട്ടി നേതൃത്വവും സംസ്ഥാന ഭരണവും കൈപിടിയില്‍ ഒതുക്കാനുള്ള ശശികലയുടെ നീക്കത്തിനെതിരെ ഒ പന്നീര്‍ശെല്‍വം ഉയര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പ് ഭരണകക്ഷിയെ നെടുകെ പിളര്‍ത്താന്‍ പോന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്തിരിക്കുകയാണ്. അണ്ണാ ഡി.എം.കെയുടെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആറിന്റെ മരണത്തെതുടര്‍ന്ന് 1980കളുടെ ഒടുവില്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര വഴക്കിന്റെ തനിയാവര്‍ത്തനമായി ഇപ്പോഴത്തെ പല സംഭവങ്ങളും മാറുന്നുവെന്നത് യാദൃച്ഛികമായിരിക്കാം. എം.ജി.ആറിന്റെ വിധവ ജാനകി രാമചന്ദ്രനും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയും തമ്മിലായിരുന്നു അന്ന് പാര്‍ട്ടിയും ഭരണവും പിടിച്ചടക്കാന്‍ മത്സരിച്ചിരുന്നതെങ്കില്‍ ഇന്നത് ശശികലയും പന്നീര്‍ശെല്‍വവും തമ്മിലാണെന്ന വ്യത്യാസം മാത്രം.

അമ്മയില്ലെങ്കില്‍ പിന്നെ ചിന്നമ്മ എന്ന ഒറ്റ സ്വരമായിരുന്നു അടുത്ത ദിവസങ്ങള്‍ വരേയും എ.ഐഎ.ഡി.എം.കെയില്‍ ഉയര്‍ന്നുകേട്ടിരുന്നത്. 33 വര്‍ഷം ജയലളിതയുടെ നിഴല്‍പോലെ നടന്നതിന്റെ തഴമ്പ്, മറ്റേതൊരു എതിര്‍സ്വരങ്ങളെയും പരിഹാസങ്ങളേയും അടിച്ചമര്‍ത്താന്‍ പോന്ന ഗുണഗണമായി പാര്‍ട്ടി അണികള്‍ കരുതുകയും ചെയ്തു. എന്നാല്‍ ഇന്ന് അതില്‍നിന്ന് ഭിന്നമായ സ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു. പന്നീര്‍ശെല്‍വത്തിന്റെ ഒറ്റപ്പെട്ട ശബ്ദത്തിന് ഓരോ ദിനം കഴിയും തോറും കനം കൂടി വരികയാണ്. 10 എം.പിമാരും പ്രസിഡീയം ചെയര്‍മാന്‍ മധുസൂദനനും വക്താവ് പൊന്നയ്യനും ഉള്‍പ്പെടെ നേതാക്കളുടെ ഒരുനിര ഇപ്പുറത്തും നിലയുറപ്പിച്ചുകഴിഞ്ഞു. ജയലളിതയുടെ ആസ്പത്രി വാസം, മരണം എന്നിവ സംബന്ധിച്ച് നിലനില്‍ക്കുന്ന ദുരൂഹതകള്‍ പാര്‍ട്ടി അണികളുടെ മനസ്സിളക്കുന്നതില്‍ വലിയൊരു ഘടകമായി മാറുന്നുണ്ട്. ജയലളിത അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ സംസ്ഥാന മുഖ്യമന്ത്രി കൂടിയായ പന്നീര്‍ശെല്‍വം ഉള്‍പ്പെടെ ഒരാളെയും കാണാന്‍ അനുവദിച്ചില്ല എന്ന വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തിവിടുന്ന സംശയത്തിന്റെ മുനകള്‍ അത്ര ചെറുതല്ല. മുന്‍ നിയമസഭാ സ്പീക്കര്‍ കൂടിയായ പി.എച്ച് പാണ്ഡ്യന്റെ വെളിപ്പെടുത്തലുകള്‍, അപ്പോളോ ആസ്പത്രിയില്‍ സേവനം ചെയ്തിരുന്ന ഡോ. രാമസീത എന്നിവരുടെ വെളിപ്പെടുത്തലുകള്‍, ശശികലയെ മുന്നില്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ചതുരംഗത്തില്‍ തന്ത്രങ്ങള്‍ മെനയുന്ന ഭര്‍ത്താവ് നടരാജന്‍, മന്നാര്‍ഗുഡി സഹോദരങ്ങള്‍ തുടങ്ങിയ ചേരുവകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഉത്തരം കണ്ടെത്തേണ്ട ഒരുപാട് നിഗൂഢതകള്‍ ജയലളിതയുടെ മരണം ബാക്കിവെക്കുന്നുണ്ട്. ഒരു മുഖ്യമന്ത്രിയുടെ അവസാന നാളുകള്‍, മരണം എന്നിവ എന്തിനിത്ര ദുരൂഹതകളില്‍ പൊതിഞ്ഞുസൂക്ഷിക്കുന്നുവെന്ന ചോദ്യം തന്നെയാണ് അണ്ണാ ഡി.എം.കെയിലെ പ്രശ്‌നങ്ങളെ ഇത്രയധികം ഊതിവീര്‍പ്പിച്ചതെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
എം.എല്‍.എമാരെല്ലാം തങ്ങള്‍ക്കൊപ്പമാണെന്ന് ശശികല ക്യാമ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് നൂറുശതമാനം സത്യമാണെന്ന് കരുതാനാവില്ല. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് തടയിടാനെന്ന പേരില്‍ പുറംലോകവുമായി ബന്ധമില്ലാത്ത വിധം രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് 120ലധികം എം.എല്‍.എമാരെ. ജനഹിതം നോക്കിയും സ്വഹിതമനുസരിച്ചും ആര്‍ക്കൊപ്പം നില്‍ക്കണമെന്ന തീരുമാനമെടുക്കുന്നതിന് എം.എല്‍.എമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനു പകരം ജനപ്രതിനിധികളെ ബന്ദികളാക്കിയും പ്രലോഭിപ്പിച്ചും താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിനുതന്നെ ഭീഷണിയാണ്. അതേസമയം തന്നെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനു വഴിയൊരുക്കുംവിധം ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നു എന്ന ആരോപണങ്ങളും ഗൗരവതരമാണ്. രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് ഗവര്‍ണറുടെ ഇടപെടലുകളെ കൂടുതല്‍ ദുരൂഹമാക്കി മാറ്റുന്നത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തലുകളും ഈ ദിശയില്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. അത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിന് ഒരിക്കലും നല്ല പാഠങ്ങളാവില്ല പകര്‍ന്നുനല്‍കുക.
അതുകൊണ്ടുതന്നെ തമിഴകത്തെ രാഷ്ട്രീയ പ്രതിസന്ധി നിലവിലെ രീതിയില്‍ നീണ്ടുപോകുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല. എം.എല്‍.എമാരെ പുറത്തുകൊണ്ടുവരാനും സംസ്ഥാന ഭരണത്തെ ആരു നയിക്കണമെന്ന് നിയമസഭക്കുള്ളില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനുമുള്ള സാഹചര്യം ഗവര്‍ണര്‍ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. പക്വമായ തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരാണ് നിയമനിര്‍മാണ സഭയില്‍ ഓരോ മണ്ഡലത്തേയും പ്രതിനിധീകരിക്കുന്നതെന്ന തെറ്റായ പ്രതീതികൂടി ഇപ്പോഴത്തെ പ്രശ്‌നങ്ങളും ബന്ദിനാടകങ്ങളും സൃഷ്ടിക്കുന്നുണ്ട്. ജനാധിപത്യം കളങ്കപ്പെട്ടുപോവാതിരിക്കാന്‍ അതിന് ചില അടിയന്തരമായ തിരുത്തെഴുത്തുകള്‍ അനിവാര്യമാണ്.