Connect with us

Video Stories

ശിരോവസ്ത്രം നിഷിദ്ധമാകുന്ന കാലം

Published

on

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രണ്ടാമത്തെ അധ്യായത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പൊതുവായ ചില പ്രശ്‌നങ്ങളെപ്പറ്റി ഇങ്ങിനെയൊരു പരാമര്‍ശമുണ്ട്. ‘മുസ്‌ലിമായി തിരിച്ചറിയപ്പെടുന്നത് പ്രശ്‌നമാണെന്ന് പലരും കരുതുന്നു. മുസ്‌ലിം സ്വത്വം രൂപപ്പെടുത്തുന്ന പര്‍ദ്ദ, താടി, തൊപ്പി എന്നിവയൊക്കെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് തനിമ നല്‍കുമ്പോള്‍ തന്നെ, പൊതുരംഗത്ത് അതവര്‍ക്ക് ഉത്കണ്ഠക്ക് കാരണമാണ്. ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീകള്‍ക്ക് കോര്‍പറേറ്റ് ഓഫീസുകളില്‍ ജോലി കിട്ടാന്‍ വിഷമമാണെന്ന് സമിതിയുമായി സംസാരിച്ച സ്ത്രീകള്‍ പറഞ്ഞു. പര്‍ദ്ദയിട്ട മുസ്‌ലിം സ്ത്രീകള്‍ക്ക് മാന്യമല്ലാത്ത പെരുമാറ്റമാണ് മാര്‍ക്കറ്റില്‍ നിന്നും ആസ്പത്രിയില്‍ നിന്നും സ്‌കൂളില്‍ നിന്നും ബസില്‍ നിന്നുമൊക്ക കിട്ടുന്നത്’. റിപ്പോര്‍ട്ടിന്റെ ആമുഖമായി വരുന്ന അധ്യായത്തില്‍ ഒന്നില്‍ ‘സ്വത്വം പൊതു സ്ഥലങ്ങളിലെ കാഴ്ച’ എന്ന തലക്കെട്ടിന് താഴെയാണ്, ഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി വിരമിച്ച രജീന്ദര്‍ സച്ചാര്‍ ഇങ്ങിനെ എഴുതിയിട്ടുള്ളത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍, കേന്ദ്ര സര്‍ക്കാറിന്റെ ലോക വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കേരളത്തില്‍ നിന്നെത്തിയ മൂന്ന് വനിതാ പ്രസിഡണ്ടുമാരുടെ ‘ഹിജാബ്’ അഴിപ്പിക്കാന്‍ ശ്രമിച്ചത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ വസ്തുതകളെ എത്രമാത്രം ശരിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ്. ‘മതപരമായ വസ്ത്രമാണ് എന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശിരോവസ്ത്രം വാങ്ങിവെച്ചു’ എന്നാണ് ഒരു പ്രമുഖ പത്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം വകുപ്പ് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പ് നല്‍കുന്നതാണ്. ‘എല്ലാ ആളുകളും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശത്തിനും ഒരുപോലെ അവകാശം ഉള്ളതാകുന്നു’ എന്നാണ് 25-ാം വകുപ്പില്‍ പറയുന്നത്. ഇവിടെ ‘ആചരിക്കുന്നതിനും’ എന്നു പറയുന്നത് അവരവരുടെ വിശ്വാസരീതി അനുസരിച്ചുള്ള വസ്ത്രധാരണത്തിനുള്ള അവകാശവും ഉള്‍പ്പെടും. അതുകൊണ്ടാണ് ഈ വകുപ്പിന്റെ വിശദീകരണം ഒന്ന് ആയി ‘കൃപാണുകള്‍ ധരിക്കുന്നതും കൊണ്ടുനടക്കുന്നതും സിഖുമത വിശ്വാസത്തില്‍ ഉള്‍പ്പെടുന്നതായി കരുതപ്പെടേണ്ടതാണ്’ എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്. കൃപാണ്‍ ആയുധ രൂപത്തിലുള്ള വസ്തു ആയതുകൊണ്ടാണ് അത് ധരിക്കുന്നതിന് പ്രത്യേകമായി അനുമതി ഭരണഘടന സിഖ് മത വിശ്വാസികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഹിജാബ് ധരിക്കുന്നതിന് പ്രത്യേകമായ ഒരു അനുമതി നല്‍കേണ്ട കാര്യമില്ല. അത് ഒരു വസ്ത്രം മാത്രമാണ്. കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രവും മുസ്‌ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഹിജാബും ഏറെക്കുറെ ഒരേ രീതിയിലുള്ളതാണ്. ഇതൊക്കെ എത്രയോ കാലമായി ലോകത്ത് എല്ലായിടത്തുമുള്ള ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഇവിടെ പക്ഷേ അതൊന്നുമല്ല വിഷയം. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ മുസ്‌ലിമായി തിരിച്ചറിയപ്പെടുന്നതാണ് പ്രശ്‌നം. അത് പേരുകൊണ്ടാവാം, ഹിജാബ് കൊണ്ടാകാം, താടിയും തൊപ്പിയും വെച്ചതുകൊണ്ടാകാം, ഇങ്ങിനെ എന്തുമാകാം. ഇത് വന്നുവന്ന് അവര്‍ കഴിക്കുന്ന ഭക്ഷണ പാത്രത്തിലേക്ക് കൂടി എത്തിയപ്പോഴാണ് വീട്ടില്‍ മാട്ടിറച്ചി സൂക്ഷിച്ചു എന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ വധിച്ചുകളയാനുള്ള സാഹചര്യം ഉണ്ടായത്.
ഈ മനോഭാവം ആഗോളതലത്തില്‍ തന്നെ വ്യാപിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ഹോസ്റ്റല്‍ മുറിയില്‍ ‘എന്റെ ജനനമാണ് എന്റെ പ്രശ്‌നം’ എന്ന് എഴുതിവെച്ചാണ് രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ത്ഥി ജീവിതം അവസാനിപ്പിച്ചത്. ഇന്ത്യയിലെ ദലിതനും ആദിവാസിയും അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനും അനേകം രാജ്യങ്ങളിലെ ഗോത്ര വര്‍ഗങ്ങളും ഇങ്ങിനെ അവരുടെ ജനനം തന്നെയാണ് അല്ലെങ്കില്‍ അവര്‍ ഏതു വിഭാഗത്തില്‍പെട്ടവരാണ് എന്ന് തിരിച്ചറിയപ്പെടുന്നതാണ് പ്രശ്‌നം. ഇങ്ങിനെ ജനനവും വിശ്വാസവും പേരുംകൊണ്ട് തന്നെ പ്രശ്‌നക്കാരായി മുദ്രകുത്തപ്പെടുന്ന ഒരു അവസ്ഥയിലേക്ക് ആഗോള തലത്തില്‍ തന്നെ മുസ്‌ലിംകള്‍ എടുത്തെറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായ മുസ്‌ലിം വിരുദ്ധനിലപാടുകള്‍ സ്വീകരിക്കുകയെന്നത് ആഗോള തലത്തില്‍ തന്നെ ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയതോടെ ഇക്കൂട്ടര്‍ക്ക് വലിയ ആവേശവുമായി.
തൊട്ടുപുറകെ പുതിയ നിയമ നിര്‍മ്മാണവുമായി ഇസ്രാഈലും രംഗത്തെത്തി. ബാങ്കു വിളി നിരോധിക്കുന്നതിനുള്ള ബില്ല് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം നേടിയിരിക്കുകയാണ്. ഈ ബില്‍ പാസാകുന്നതോടെ ഇസ്രാഈലിലെയും അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെയും പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. നിയമം ലംഘിച്ച് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിച്ചാല്‍ 2700 ഡോളര്‍ പിഴ നല്‍കണമെന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. ആളുകളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു, ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു എന്നൊക്കെയാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.
അമേരിക്ക ‘ട്രംപേരിക്ക’ ആയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും പല രാജ്യങ്ങളില്‍ നിന്നും ഇങ്ങിനെ പലതും പ്രതീക്ഷിക്കാം. ട്രംപ് പ്രസിഡണ്ടായി വന്നതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢമാകുമെന്ന് വിശ്വസിക്കുന്നവരാണ് അധികമുള്ളത്. കഴിഞ്ഞ കുറെ കാലമായി ഇന്ത്യ ഏറെക്കുറെ അമേരിക്കന്‍ പക്ഷത്തുതന്നെയാണുള്ളത്. പക്ഷെ പുതിയ സാഹചര്യത്തില്‍ ഇത് കുറെക്കൂടി ദൃഢമായേക്കാം. ഇസ്രാഈലുമായുള്ള ഇന്ത്യയുടെ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയും ഇസ്രാഈലുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നു എന്നതിന് ഈ രാജ്യങ്ങള്‍ തമ്മിലുള്ള കേവല നയതന്ത്ര ബന്ധങ്ങള്‍ വളരുന്നു എന്നതിനപ്പുറം ചില മാനങ്ങളുണ്ട്. ഇതാണ് നമ്മെ അസ്വസ്ഥമാക്കുന്നത്.
ശിരോവസ്ത്രത്തോടുള്ള വിരോധം ബാങ്ക് വിളിയോടുള്ള അസഹിഷ്ണുത ഇതൊക്കെ ചില ലക്ഷണങ്ങളാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഓസ്‌ട്രേലിയയിലുമൊക്കെ ഹിജാബ് ധരിക്കുന്നതിനെതിരെ നീക്കങ്ങളുണ്ടായി. ഹിജാബ് ആഗോളതലത്തില്‍ തന്നെ ഇത്ര വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരുകാലം മുമ്പുണ്ടായിട്ടില്ല. ഏറ്റവും അവസാനം അത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഒരു ചടങ്ങിലായി എന്നുമാത്രം.
കേവലം ഒരു വസ്ത്രത്തിന് നേരെയുള്ള അസഹിഷ്ണുതയല്ല ഇത്. ഒരു സംസ്‌കാരത്തോടുള്ള വെറുപ്പിന്റെ രാഷ്ട്രീയമാണ്. ലോകത്തിനു മുന്നില്‍ ഒരു പൊതുശത്രുവിനെ പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഒപ്പം ഇസ്‌ലാം ലോകത്തിന് നല്‍കിയ നവോത്ഥാനത്തിന്റെ അംശങ്ങളെ തമസ്‌കരിക്കുന്നതിനുള്ള ഗൂഢപദ്ധതികളുമുണ്ട്. അത് ചിലപ്പോള്‍ ഹിജാബിനെതിരായും ബാങ്ക് വിളിയോടുള്ള എതിര്‍പ്പായും ബീഫ് നിരോധനമായും പുറത്തുവരുന്നു എന്ന് മാത്രം.
ഈയൊരു സാഹചര്യത്തെ വിലയിരുത്തി കവിയും ചിന്തകനുമായ സച്ചിദാനന്ദന്‍ ഇങ്ങിനെ എഴുതുന്നു: ‘യൂറോപ്യന്‍ നവോത്ഥാനത്തിനും ശാസ്ത്രം, തത്വചിന്ത, കല, സാഹിത്യം തുടങ്ങിയവയുടെ വികാസത്തിനും ഇസ്‌ലാം നല്‍കിയ മഹനീയമായ സംഭാവനകള്‍ ലോകത്തെ അറിയിക്കേണ്ടതുണ്ട്. ഒപ്പംതന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഇസ്‌ലാം മത വിശ്വാസികളായിരുന്ന ദേശീയ പ്രാദേശിക നേതാക്കള്‍ നല്‍കിയ ഗണ്യമായ പിന്തുണയും വ്യക്തമാക്കപ്പെടണം. മൗലാന അബുല്‍കലാം ആസാദും സര്‍സയ്യിദും മുതല്‍ മുഹമ്മദ് അബ്ദുറഹ്മാനും മക്തി തങ്ങളും വരെയുള്ള സമൂഹ പരിഷ്‌കര്‍ത്താക്കളുടേയും പൈതൃകം ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും വേണം. വിശേഷിച്ചും ദേശവഞ്ചകര്‍ ദേശസ്‌നേഹികളും തുണച്ചവര്‍ ദേശദ്രോഹികളായ ‘വിദേശികളും’ ആയി ചിത്രീകകരിക്കപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ ( മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം 47)
ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ ഹിജാബ് ധാരികള്‍ പുറത്താക്കപ്പെടുമ്പോള്‍ സച്ചിദാനന്ദന്‍ പറഞ്ഞവരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഹിജാബ് ധാരിണിയെ കാണാം. മൗലാന മുഹമ്മദ് അലിയുടേയും ശൗക്കത്ത് അലിയുടേയും മാതാവ് ബീഉമ്മയാണ് അത്. ഇങ്ങിനെയുള്ള ധീര ദേശാഭിമാനികളായ ഹിജാബ് ധാരികളായിരുന്ന നിരവധി വനിതകളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാണാം അവരുടെ പിന്മുറക്കാരാണ് ഗുജറാത്തില്‍ നടന്ന വനിതാ സമ്മേളനത്തിന് കേരളത്തില്‍ നിന്നെത്തിയ ശിരോവസ്ത്രധാരികള്‍ എന്ന് നമ്മുടെ ഭരണകര്‍ത്താക്കള്‍ അറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending