സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാസഹകരണബാങ്കുകളെയും ലയിപ്പിച്ച് ഒരൊറ്റ ബാങ്കാക്കാനുള്ള (കേരള സഹകരണ ബാങ്ക് ) ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തിന് റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരും ഭരണമുന്നണിയും പ്രതീക്ഷിക്കുന്നതുപോലെ അത്ര ലളിതമാവില്ലെന്നാണ് അനുഭവം. ഒക്ടോബര്‍ മൂന്നിനാണ് റിസര്‍വ്് ബാങ്ക് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ അനുവദിക്കുന്നതിനായി പത്തൊമ്പത് നിബന്ധനകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് മറുപടി തന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് 2019 മാര്‍ച്ച് 31നകം ബാങ്ക് രൂപവത്കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിബന്ധനകളില്‍ പ്രധാനം സഹകരണ നിയമപ്രകാരം ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ ജില്ലാ സഹകരണ ബാങ്കുകളുടെ അംഗങ്ങളുടെ ഭൂരിപക്ഷാനുമതി വാങ്ങിയെടുക്കണമെന്നതാണ്. ജനാധിപത്യ സംവിധാനത്തില്‍ തികച്ചും ന്യായമായ ആവശ്യമാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നാല് ജില്ലാസഹകരണ ബാങ്കുകള്‍ ഇതിനോടകം കേരള ബാങ്ക് എന്ന നിര്‍ദേശത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്ന നിലക്ക് റിസര്‍വ് ബാങ്കിന്റെ ഉപാധി എങ്ങനെയാണ് സാധ്യമാകുക എന്നതാണ് മുഖ്യം. കേരളത്തിലെ ഇടതുപക്ഷമുന്നണി 2016ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണ് കേരളത്തിന് സ്വന്തമായി ഒരുബാങ്ക്. സ്വന്തമായ വിമാനം എന്നതുപോലെയാണ് സര്‍ക്കാര്‍ കേരള ബാങ്കിനെയും കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ എന്തുവന്നാലും കേരള ബാങ്ക് സാധ്യമാക്കുമെന്ന വാശിയിലാണ് ഇടതുമുന്നണി സര്‍ക്കാര്‍. ഒന്നാമതായി കേരളത്തിന് ഇത്തരമൊരു ബാങ്ക് ആവശ്യമുണ്ടോ എന്നതു സംബന്ധിച്ച് വലിയ ചര്‍ച്ചകളൊന്നും സര്‍ക്കാരോ ഭരണമുന്നണിയോ നടത്തിയിട്ടില്ല. പൊതുസമൂഹത്തില്‍ മാത്രമല്ല, സഹകരണ മേഖലയിലോ സ്വന്തം മുന്നണിക്കകത്തുപോലുമോ സര്‍ക്കാര്‍ ഇത്തരമൊരു ആലോചനക്ക് സൗകര്യം ഒരുക്കിയിട്ടില്ലാത്ത നിലക്ക് പൊടുന്നനെ സര്‍ക്കാര്‍ മാത്രം തീരുമാനിച്ചതുകൊണ്ട് കേരള ബാങ്ക് പ്രായോഗികമാകുമോ എന്നതാണ് ചോദ്യം. സഹകരണ മേഖലയിലെ ലക്ഷക്കണക്കിന് അംഗങ്ങളുടെ ചോരയും നീരുമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് കാരണഭൂതമായിട്ടുള്ളതെന്നത് അറിയാത്തവരാരുമുണ്ടാകില്ല. എല്ലാകക്ഷികളുടെയും കര്‍ഷക പ്രസ്ഥാനങ്ങളുടെയും കൂടാതെ പൊതുസമൂഹവും നെഞ്ചേറ്റിയതു മൂലമാണ് സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തില്‍ വളര്‍ന്നുപന്തലിച്ചത്. രാജ്യത്തെ സഹകരണ മേഖലയുടെ 60 ശതമാനമാണ് കേരളത്തിന്റേത്. അപ്പോള്‍ അതില്‍വരുത്തുന്ന ചരിത്രപരവും ദൂരവ്യാപകവുമായ മാറ്റത്തിന് നാന്ദികുറിക്കുംമുമ്പ് ബന്ധപ്പെട്ട എല്ലാവരുമായി ആലോചിക്കേണ്ടത് സാമാന്യ മര്യാദയായിരുന്നു. പിണറായി സര്‍ക്കാര്‍ അത് കാണിക്കുകയുണ്ടായില്ല എന്നതുതന്നെയാണ് പ്രധാന പരാതി.
സഹകരണ മേഖലയുടെ നിലവിലെ ത്രിതല സംവിധാനത്തെ മാറ്റി രണ്ടു തട്ടുമാത്രമാക്കുക എന്നതാണ് കേരള ബാങ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ 1.5 ലക്ഷം കോടി രൂപ നിക്ഷേപവും ഭീമമായ ആസ്തിയും ഉള്ളവയാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാസഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ ബാങ്കുകളും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും കെ.എസ്.ആര്‍.ടി.സിക്കുമൊക്കെ പലപ്പോഴും നിര്‍ലോഭമായ സഹായമാണ് ജില്ലാബാങ്കുകള്‍ നല്‍കിവരാറുള്ളത്. ഇതിനായി ഡയറക്ടര്‍ ബോര്‍ഡുകള്‍ ചേര്‍ന്ന് തീരുമാനമെടുക്കുകയാണ് പതിവ്. നിലവില്‍ കേരളത്തിലെ പാലക്കാടൊഴികെയുള്ള 13 ജില്ലാബാങ്കുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. കഴിഞ്ഞ വര്‍ഷമാണ് ആ ഭരണസമിതികളെയെല്ലാം പിരിച്ചുവിട്ട് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനത്തിലാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ റവന്യൂകമ്മി വര്‍ധിക്കുകയും കിഫ്ബി പോലുള്ള പുറംപദ്ധതികളെ ആശ്രയിക്കേണ്ടിവരികയും ചെയ്യേണ്ടിവരുമ്പോള്‍ സഹകരണ പ്രസ്ഥാനത്തിന്റെ കെട്ടിക്കിടക്കുന്ന നിക്ഷേപത്തില്‍ പിണറായി സര്‍ക്കാരിന്റെ കണ്ണുപതിച്ചത് സ്വാഭാവികം. ആറു പതിറ്റാണ്ടുമുതല്‍ക്കുള്ള ആസ്തികളാണ് ഇപ്പോള്‍ ഓരോ ബാങ്കുകള്‍ക്കുമുള്ളത്. ഇവയെല്ലാം ഒറ്റയടിക്ക് കേരള ബാങ്കിന് കൈമാറുക എന്നത് അതിനെ നട്ടുവളര്‍ത്തി വലുതാക്കിയ ജനങ്ങളെ സംബന്ധിച്ച് അത്ര ലളിതമായി കാണാനാകില്ല.
ജില്ലാബാങ്കുകളുടെ 824 ശാഖകളിലായി പ്രവര്‍ത്തിക്കുന്ന 6500 ഓളം പല തട്ടിലുള്ള ജീവനക്കാര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നിലനില്‍ക്കുമോ എന്ന ആശങ്കയും മുഖവിലക്കെടുക്കപ്പെട്ടിട്ടില്ല. കേരള ബാങ്ക് നിലവില്‍ വന്നാല്‍ 1341 ജീവനക്കാര്‍ മതിയാകുമെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയ ബംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ലോകത്തെ സാങ്കേതിക വിദ്യാമാറ്റത്തിനനുസരിച്ച് കോര്‍ബാങ്കിങ് ഉള്‍പ്പെടെയുള്ള രീതികളാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്. ഇത് ഗ്രാമീണരായ സഹകാരികളെയാണോ അതോ വന്‍നിക്ഷേപകരെയും വായ്പാഇടപാടുകാരെയുമാണോ ലക്ഷ്യംവെക്കുന്നത്് എന്ന സംശയം ന്യായമാണ്. പത്തോളം ബാങ്കുകളെ വിഴുങ്ങിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് പകുതിയോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഉള്ളവരില്‍ ജോലിഭാരവും അതുമൂലമുള്ള മാനസിക സമ്മര്‍ദവും ഏറെയാണ്. സാധാരണക്കാരും പാവപ്പെട്ടവരുമായ ഗ്രാമീണരായ കൃഷീവലന്മാരെയും തൊഴിലാളികളെയും സഹായിക്കാന്‍ ഇതുകൊണ്ട് കഴിയുമോ എന്ന് ആലോചിക്കണം. തങ്ങളുടെ അടുത്തുള്ള പരിചിതരായ ജീവനക്കാരെ സമീപിച്ച് ചെറുകിട വായ്പകള്‍ ലഭ്യമാക്കുന്നതിനുപകരം ഷെഡ്യൂള്‍ഡ് ബാങ്കുകളെപോലെ കോട്ടിട്ട ഉദ്യോഗസ്ഥരെയും നൂറുകൂട്ടം നൂലാമാലകളും അമിതപലിശയും താങ്ങാന്‍ നമ്മുടെ ഗ്രാമീണര്‍ക്ക് കഴിയുമോ. നിക്ഷേപം ഉള്ളതുകൊണ്ട് പലിശ കുറച്ചുകൊടുക്കാന്‍ ജില്ലാബാങ്കുകള്‍ക്ക് ഇപ്പോള്‍ കഴിയുമ്പോള്‍ സംസ്ഥാനതല കേന്ദ്രീകൃത സംവിധാനത്തില്‍ അതിന് കഴിയില്ല. ബാങ്ക് ലക്ഷ്യമിടുക പിന്നീട് വന്‍കിട കോര്‍പറേറ്റുകളെയാകും. അവര്‍ക്ക് വായ്പതിരിച്ചടക്കാതെ മുങ്ങാനും അത് സഹായകമാകും. താരതമ്യേന കുറഞ്ഞ കിട്ടാക്കടമുള്ള സഹകരണ മേഖലകൂടി അതോടെ റിസര്‍വ് ബാങ്കിന്റെയും സര്‍ക്കാരിന്റെയും തലയിലാകും. റിസര്‍വ് ബാങ്കും കേന്ദ്രവും നിശ്ചയിക്കുന്ന ഇതര വന്‍കിട ബാങ്കുകള്‍ക്കുള്ള സേവനങ്ങളും സേവന നിരക്കുകളും ഭൂരിപക്ഷം കേരളീയരുടെയും ഭാരമായി മാറും.
ഒരുവശത്ത് തൊഴിലാളി വര്‍ഗവും പാവപ്പെട്ടവരും ചെറുകിടക്കാരും വോട്ടിന് വേണ്ടി ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് കോര്‍പറേറ്റ് മുതലാളിമാര്‍ക്കും കള്ളപ്പണക്കാര്‍ക്കും മദ്യ മുതലാളിമാര്‍ക്കും വാരിക്കോരി സഹായിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. അവരുടെ ബുദ്ധിയിലുദിച്ച കേരള ബാങ്ക് എന്ന ആശയം തട്ടിപ്പുകൂട്ടുസംഘമായി മാറാതിരിക്കാനാണ് പ്രതിപക്ഷവും ജനങ്ങളും വിശിഷ്യാ സഹകാരിസമൂഹവും ജാഗ്രത പുലര്‍ത്തുന്നതും അരുതേയെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതും. അതൊന്നും ചെവിക്കൊള്ളാതിരിക്കാനാണ് ഭാവമെങ്കില്‍ സര്‍ക്കാരിന് സ്വന്തമായി മുന്നോട്ടുപോകാതിരിക്കാന്‍ കഴിയാത്തവിധം ഇവിടെ സഹകരണജനാധിപത്യപ്രസ്ഥാനം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നുതന്നെയാണ് ആ ധാര്‍ഷ്ട്യത്തിനുള്ള മറുപടി.